Breaking News

നിർബന്ധിത മതപരിവർത്തനം അഞ്ച് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റം; ഓർഡിനൻസ് പാസാക്കി യു.പി

മതപരിവർത്തനത്തിനായി മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളുമായി ബന്ധത്തിൽ ഏർപ്പെടുന്നു എന്ന വലതുപക്ഷ ഗൂഡാലോചന സിദ്ധാന്തമായ “ലവ് ജിഹാദിനെ” സംബന്ധിച്ച് രാജ്യവ്യാപകമായി രൂക്ഷമായ ചർച്ചകൾക്കിടെ നിർബന്ധിത മതപരിവർത്തനം തടയാൻ ഉത്തർപ്രദേശ് സർക്കാർ ചൊവ്വാഴ്ച വൈകുന്നേരം ഓർഡിനൻസ് പാസാക്കി.

അസത്യമോ ബലപ്രയോഗമോ പ്രേരണയോ ഉപയോഗിച്ച്‌ അല്ലെങ്കിൽ വിവാഹ ആവശ്യത്തിനായി മാത്രം നടക്കുന്നതോ ആയ മതപരിവർത്തനം കുറ്റകൃത്യമായി പ്രഖ്യാപിക്കുമെന്ന് ഉത്തർപ്രദേശ് നിയമവിരുദ്ധ മത പരിവർത്തന നിരോധന ഓർഡിനൻസ് (2020) പറയുന്നു.

വിവാഹശേഷം മതപരിവർത്തനം നടത്താൻ ആഗ്രഹിക്കുന്നവർ കുറഞ്ഞത് രണ്ട് മാസം മുമ്പെങ്കിലും ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചു.

മതപരിവർത്തനം നിർബന്ധിതമായിരുന്നില്ല അല്ലെങ്കിൽ വിവാഹത്തിന് വേണ്ടിയായിരുന്നു എന്ന് തെളിയിക്കാനുള്ള ബാധ്യത പരിവർത്തനം ചെയ്യുന്ന വ്യക്തിയുടെ മേൽ ആയിരിക്കും, ഓർഡിനൻസിന് കീഴിൽ ഫയൽ ചെയ്യുന്ന എല്ലാ കേസുകളും ജാമ്യമില്ലാത്തവയാണ്.

ഓർഡിനൻസ് അനുസരിച്ച്, നിർബന്ധിത മതപരിവർത്തനം (അല്ലെങ്കിൽ വഞ്ചനയിലൂടെ പരിവർത്തനം) അഞ്ച് വർഷം വരെ തടവോ 15,000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. നിർബന്ധിത മതപരിവർത്തനത്തിൽ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള സ്ത്രീ ഉൾപ്പെടുന്നുവെങ്കിൽ, ഇത് മൂന്ന് മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കൂട്ടത്തോടെ ഉള്ള പരിവർത്തനങ്ങൾക്ക് സമാനമായ ജയിൽ ശിക്ഷയും 50,000 രൂപ പിഴയും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *