Breaking News

ഒടുവിൽ തോൽവി സമ്മതിച്ച് ട്രംപ്; അധികാരം കൈമാറാൻ വൈറ്റ് ഹൗസിന് നിർദ്ദേശം

അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഒടുവിൽ തന്റെ തോൽവി സമ്മതിച്ച് ഡോണൾഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവർത്തനങ്ങൾക്ക്‌ ട്രംപ് വൈറ്റ് ഹൗസിന് നിർദേശം നൽകി. അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു.

തുടര്‍നടപടി ക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിച്ചു. മിഷിഗണിലും ബൈഡൻ തന്നെയെന്ന ഫലം പുറത്തു വന്നതിനു പിന്നാലെയാണ് നടപടി. തോൽവി അംഗീകരിക്കാതിരുന്ന ട്രംപ് അധികാരകൈമാറ്റത്തിന് ഇതുവരെ തയ്യാറായിരുന്നില്ല. ഒടുവിൽ മിഷി​ഗൺ ഫലവും എതിരായതോടെയാണ് മനംമാറ്റം.

ബൈഡന് അധികാരം കൈമാറാൻ പ്രാരംഭ നടപടികൾ ആരംഭിക്കുമെന്ന് ജനറൽ സർവീസ് അഡ്മിനിസ്‌ട്രേഷൻ തലവൻ എമിലി മുർഫി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രസ്താവന. നേരത്തെ രാഷ്ട്രീയ സമ്മർദ്ദത്താൽ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരിൽ എമിലി മുർഫി കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു.

തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് തുടർച്ചയായി ആരോപിച്ച് പരാജയം അനുവദിക്കാൻ തയ്യാറാകാതിരുന്ന ട്രംപ് അപ്രതീക്ഷിതമായിട്ടാണ് വൈറ്റ് ഹൗസിന്റെ അധികാരം കൈമാറാൻ സന്നദ്ധത അറിയിച്ചത്. ട്രംപിന്റെ തീരുമാനത്തെ ബൈഡൻ ക്യാമ്പ് സ്വാഗതം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *