മന്ത്രി കെ ടി ജലീലിന്റെ ഡോക്ടറേറ്റ് ചട്ടപ്രകാരം തന്നെയെന്ന് കേരളാ യൂണിവേഴ്‌സിറ്റി. ജലീലിന്റെ ഗവേഷണ ബിരുദം സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് വൈസ് ചാൻസലറുടെ റിപ്പോർട്ടിൽ പറയുന്നു. മന്ത്രിയുടെ ഡോക്ടറേറ്റിനെതിരായ പരാതി പരിശോധിക്കണമെന്ന് ഗവർണർ സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നു.
സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് മന്ത്രി കെ ടി ജലീലിന്റെ ഗവേഷണ ബിരുദത്തിനെതിരെ ഗവർണറെ സമീപിച്ചത്. മന്ത്രിയുടെ ഗവേഷണ ബിരുദം ചട്ടപ്രകാരം തന്നെയെന്നാണ് കേരളാ സർവകലാശാലയുടെ വിശദീകരണം. കേരളാ സർവകലാശാലയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുളള പ്രബന്ധമാണ് ജലീൽ സമർപ്പിച്ചിട്ടുളളത്. മൂന്നുപേരടങ്ങുന്ന ഗവേഷണ വിദഗ്ധരുടെ മൂല്യനിർണയത്തിനും പ്രബന്ധം വിധേയമാക്കിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർണമായും പാലിച്ചു തന്നെയാണ് ജലീലിന് ഡോക്ടറേറ്റ് നൽകിയതെന്നും കേരളാ സർവകലാശാല വി സി, പരാതിക്കാരായ സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. ഗവേഷണ ബിരുദത്തിനെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും വി സി വിശദീകരിക്കുന്നുണ്ട്.
കെ ടി ജലീലിന്റെ പ്രബന്ധം മൗലികമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പ്രബന്ധത്തിലെ പലഭാഗങ്ങളും പകർത്തി എഴുതിയതാണെന്നും അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും അനവധിയായിരുന്നുവെന്നും പരാതിക്കാർ ആരോപിച്ചിരുന്നു. അക്കാദമിക വിദഗ്ധരുടെ പാനലിനെക്കൊണ്ട് പ്രബന്ധം പുനഃപരിശോധിക്കണമെന്ന പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ഗവർണർ സർവകലാശാലയോട് ആവശ്യപ്പെടുകയായിരുന്നു. മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്ലിയാരുടേയം പങ്കിനെ അധികരിച്ചുളള പ്രബന്ധത്തിന് 2006 ലാണ് കേരളാ സർവകലാശാല കെ ടി ജലീലിന് ഡോക്ടറേറ്റ് നൽകിയത്.