തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻവിജയം നേടാനാവുമെന്നും മുന്നണിയിൽ പ്രശ്നങ്ങൾ ഇല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിൽ സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങളില്ല. വടകരയിലും കണ്ണൂരിലും ഉണ്ടായ തർക്കങ്ങൾ ഉടൻ പരിഹരിക്കും. ചെറിയ പ്രശ്നങ്ങൾ മാത്രമാണ് അവിടെ ഉണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി നേതൃത്വവുമായുള്ള വിയോജിപ്പ് പരസ്യമാക്കി കൊണ്ടുള്ള കെ.സുധാകരന്റെയും കെ മുരളീധരന്റെയും പ്രസ്താവനയെ പറ്റിയുള്ള ചോദ്യത്തിന് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മാത്രമായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.
ഡി.സി.സിയോട് ആലോചിക്കാതെ കണ്ണൂരിലെ മൂന്ന് സ്ഥാനാർത്ഥികളെ മാറ്റിയ കെ.പി.സി.സി തീരുമാനം അംഗീകരിക്കില്ലെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. വ്യക്തി താത്പര്യങ്ങളെ സംരക്ഷിക്കുന്ന കെ.പി.സി.സി നിലപാട് ദുഃഖകരമാണെന്നും കെ സുധാകരൻ പറഞ്ഞു.
വടകരയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വ്യക്തമാക്കി നേരത്തെ കെ മുരളീധരനും രംഗത്തെത്തിയിരുന്നു. വടകര ബ്ലോക്ക് കല്ലാമല ഡിവിഷനില്‍ വിമത സ്ഥാനാര്‍ത്ഥിക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.