Breaking News

തിരുവനന്തപുരത്ത് പ്രസവ ശസ്ത്രക്രിയക്കിടെ ഗുരുതര പിഴവ്, യുവതിയുടെ വയറ്റിൽ പഞ്ഞി ഉൾപ്പടെയുളള സാധനങ്ങൾ; നില ഗുരുതരം

തിരുവനന്തപുരത്ത് പ്രസവ ശസ്ത്രക്രിയക്കിടെ ഗുരുതര പിഴവിനെ തുടർന്ന് 22 വയസുകാരി ഗുരുതരാവസ്ഥയിൽ. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലാണ് സംഭവം. പഞ്ഞി ഉൾപ്പടെയുളള സാധനങ്ങൾ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടി. ഇതോടെ ആന്തരികാവയവങ്ങളിൽ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ വലിയതുറ സ്വദേശിയെ എസ് എ ടി ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി. ആരോഗ്യപ്രശ്‌നങ്ങൾ കാരണം നടക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് യുവതി.

അൽഫിന അലി രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിയത്. സിസേറിയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വേദന കുറവില്ലാതെ വന്നതോടെ ഡോക്‌ടറെ കണ്ടെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.

വീട്ടിലെത്തി ആഴ്ച ഒന്ന് കഴിഞ്ഞപ്പോൾ എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത അവസ്ഥയായി. തുടർന്ന് തൊട്ടടുത്തുളള ആശുപത്രിയിലെത്തിച്ചപ്പോൾ സ്‌കാനിംഗിന് വിധേയയാക്കി. അപ്പോഴാണ് വയറിനുളളിൽ പഞ്ഞിക്കെട്ട് കണ്ടത്. എസ് എ ടി ആശുപത്രിലെത്തിച്ചപ്പോൾ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിർദേശിക്കുകയായിരുന്നു. ആദ്യം കീ ഹോൾ ശസ്ത്രക്രിയ ചെയ്‌ത ശേഷം അത് ഫലം കാണാതെ വന്നതോടെ വയർ കീറി എല്ലാം പുറത്തെടുത്തു.

തൈക്കാട് ആശുപത്രിയിലെ ഡോക്‌ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങൾ അറിയിച്ചെങ്കിലും തെളിവുമായി വരാനായിരുന്നു ആശുപത്രി അധികൃതരുടെ വെല്ലുവിളി. 19 ദിവസത്തിനിടെ മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയയായി ആരോഗ്യം മോശമായ അൽഫിനക്ക് ഇപ്പോൾ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടാണ്.

ശസ്‌ത്രക്രിയക്കിടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം എണ്ണി തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്‌ടറുടെ വിശദീകരണം. സംഭവത്തിൽ പരാതിയൊന്നും കിട്ടിയില്ലെന്നാണ് തൈക്കാട് ആശുപത്രി സൂപ്രണ്ട് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *