കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും നല്‍കുന്ന പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരികള്‍ നിര്‍ണയിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുന്ന ദിവസത്തെ കൊവിഡ് ബാധിതരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് കണക്കെടുക്കേണ്ടത്.
സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ളവരുടെ എണ്ണം കൂടിവരാമെന്നതിനാല്‍ ബാലറ്റുകളുടെ എണ്ണം കണക്കാക്കാന്‍ പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ സഹായം വരണാധികാരി തേടണം. വരണാധികാരിക്ക് മുന്‍കരുതലായി ആവശ്യമാണെന്നു കാണുന്ന പ്രത്യേക പോസ്റ്റല്‍ ബാലറ്റുപേപ്പറുകളുടെ കണക്ക് യാഥാര്‍ത്ഥ്യബോധത്തോടെ എടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.