ദില്ലി ചലോ മാർച്ചിൽ കർഷകർക്കുനേരെ പൊലീസ് ഉപയോഗിച്ച ജലപീരങ്കി ഓഫ് ചെയ്ത യുവാവിന് നേരെ പ്രതികാര നടപടി. പ്രതിഷേധത്തിലെ ഹീറോ ആയി മാറിയ 26കാരൻ നവ്ദീപ് സിങിനെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു.
ഹരിയാനയിലെ അംബാലയിൽ കർഷകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുമ്പോൾ വാഹനത്തിന് മുകളിൽ ചാടിക്കയറിയ യുവാവ് സാഹസികമായി പമ്പിംഗ് നിർത്തിവെക്കുകയായിരുന്നു.
കർഷക മാർച്ചിന് നേതൃത്വം നൽകുന്ന നേതാക്കളിലൊരാളായ ജയ് സിംഗിന്റെ മകനാണ് നവ്ദീപ്. നിലവിൽ നവ്ദീപിനെതിരെ ചുമത്തിയിരിക്കുന്ന വധശ്രമ കേസ് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
അതിന് പുറമെ കലാപത്തിന് പ്രേരിപ്പിച്ചതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. യുവാവ് ജലപീരങ്ക് ഓഫ് ചെയ്യുന്ന വീഡിയോ സമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. നവ്ദീപിന് ഹീറോ പരിവേഷം ലഭിക്കുകയും ചെയ്തു.