ന്യൂഡല്‍ഹി : വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉടമയ്ക്ക് ഇനി ആര്‍സിയില്‍ നോമിനിയെയും നിര്‍ദേശിക്കാം. ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തുന്നു. ഇനി ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാന്‍ സാധിക്കും.
ഉടമ മരിച്ചാല്‍ മരണ സര്‍ട്ടിഫിക്കറ്റ് വകുപ്പിന്റെ സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ പുതിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989 ലെ ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും എല്ലാ പങ്കാളികളില്‍ നിന്നും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു. വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ (ആര്‍സി) ഉപയോഗിക്കുന്ന വിവിധ സ്റ്റാന്‍ഡേര്‍ഡ് ഫോമുകളുടെ ഭേദഗതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മരണസമയത്ത് വാഹനത്തിന്റെ നിയമപരമായ അവകാശിയാകാന്‍ ആരെയെങ്കിലും നാമനിര്‍ദ്ദേശം ചെയ്യാന്‍ ഉടമയെ പ്രാപ്തമാക്കുന്ന ”നോമിനിയുടെ ഐഡന്റിറ്റി തെളിവ്” ഒരു അധിക നിബന്ധനയായി ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.