തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികളുടെ അപരന്മാർക്ക് നൽകിയ റോസാപ്പൂ ചിഹ്നം പിൻവലിക്കണമെന്ന് പാർട്ടി ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് അനുവദിച്ച ചിഹ്നങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും സ്ഥാനാർത്ഥി പട്ടികയിലെ പേരുകളിലും ക്രമത്തിലും മാറ്റമുണ്ടാകില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
തിരുവനന്തപുരം കോർപറേഷനിൽ അപരന്മാരുടെ സ്ഥാനവും ചിഹ്നവും മാറ്റാൻ ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഈ ആവശ്യമാണ് നിരാകരിച്ചത്.
ഇതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് ബി.ജെ.പി തീരുമാനം. ചിഹ്നം പിൻവലിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാൻ പാർട്ടി ഒരുങ്ങുന്നത്.
സ്ഥാനാർത്ഥി നൽകിയ പേരിന് പകരം വീട്ടുപേരുൾപ്പടെ കൂട്ടിച്ചേർത്ത് നൽകിയതും വിവാദമായിരുന്നു. എന്നാൽ അക്ഷരമാലാ ക്രമത്തിൽ ആണ് പേരുകൾ നൽകുന്നതെന്നും ചട്ടപ്രകാരം ഇനി ഇത് മാറ്റി നൽകാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു.