Breaking News

ദേശാഭിമാനിയെ ഉപയോഗിച്ച് സി.പി.എം കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണം നടത്തുന്നു; വെല്‍ഫെയര്‍ പാര്‍ട്ടി

ഇന്ത്യയിലെ മുസ്‍ലിം സമുദായത്തിനെതിരെ സംഘ്പരിവാര്‍ വ്യാജമായി ആരോപിക്കുന്ന വാദങ്ങളെ ബലപ്പെടുത്തുകയാണ് ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചവര്‍ ഉദ്ദേശിച്ചതെന്ന് വെല്‍ഫയര്‍ പാര്‍ട്ടി വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടി രാജ്യത്ത് മതനിരപേക്ഷ നിലപാടുയര്‍ത്തിപ്പിടിച്ച് സി.പി.എമ്മുമായി പശ്ചിമ ബംഗാള്‍ അടക്കം വിവിധ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ്-വംശീയ നയങ്ങള്‍ക്കെതിരെ സമരമുന്നണിയില്‍ പങ്കാളിയാണ്. കേരളത്തില്‍ മുപ്പത്തിയഞ്ചോളം തദ്ദേശ സ്ഥാപനങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി സഖ്യമായാണ് മത്സരിച്ചത്. കാലാവധി പൂര്‍ത്തിയാകുന്നതുവരെ അതാത് പഞ്ചായത്തുകളില്‍ സഹകരണം തുടരുകയും ചെയ്തിരുന്നു. അന്നൊന്നുമില്ലാത്ത എന്ത് വര്‍ഗീയതയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സിപിഎമ്മും ദേശാഭിമാനിയും കാണുന്നതെന്ന് ഹമീദ് വാണിയമ്പലം ചോദിച്ചു.

അഴിമതികളിലും സംഘ്പരിവാര്‍ അനുകൂല പൊലീസ് നയങ്ങളിലും പെട്ട് ജനങ്ങളില്‍ നിന്നകന്ന ഇടതു മുന്നണിയെ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത പറഞ്ഞ് രക്ഷപ്പെടുത്താമെന്നാണ് കേരള സി.പി.എം കരുതുന്നത്. കേരളത്തില്‍ മുസ്‍ലിം ഭീകരതയുണ്ടെന്ന് വ്യാജമായി ചിത്രീകരിച്ച് മതേതര കേരളത്തെ വംശീയമായി വിഭജിക്കാനുള്ള നീക്കം സംഘ്പരിവാറിനാണ് വഴിയൊരുക്കുക. മതേതര കേരളം ഈ കുത്സിത നീക്കത്തെ തിരിച്ചറിയണം. കേരളത്തിലെ സി.പി.എം നടത്തുന്ന ഈ അപകടകരമായ കളിക്കെതിരെ സി.പി.എം ദേശീയ നേതൃത്വം ഇടപെടണം. വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെയും മത വര്‍ഗീയത വളര്‍ത്താനുമുള്ള സി.പി.എം ക്രിമിനല്‍ നീക്കത്തിനെതിരെ പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *