Breaking News

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവിനുള്ള നടപടി ആരംഭിച്ചു

കൊല്ലം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവിനുള്ള നടപടി ദേശീയ പാത അതോറിറ്റി തുടങ്ങി. ഡിസംബര്‍ അവസാനത്തോടെയോ, അടുത്ത വര്‍ഷം ആദ്യമോ ടോള്‍ പിരിവ് ആരംഭിക്കാനാണ് സാധ്യത. ബൈപ്പാസിനൊപ്പം പൂര്‍ത്തിയായ കുരീപ്പുഴയിലെ ടോള്‍ പ്ലാസ കേന്ദ്രീകരിച്ചാകും ടോള്‍ പിരിവ്.

2019 ജനുവരിയിലാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. അന്ന് തന്നെ ടോള്‍ പ്ലാസയും സജ്ജമായിരുന്നു. പക്ഷെ ദേശീയപാത അതോറിറ്റി ടോള്‍ പിരിവ് സംബന്ധിച്ച് തീരുമാനം അന്ന് എടുത്തിരുന്നില്ല. നിര്‍മാണം തുടങ്ങിയ സമയത്ത് കേന്ദ്ര സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ ച്ചെലവിന്റെ പകുതി കേന്ദ്രവും പകുതി സംസ്ഥാനവും വഹിക്കാം എന്നതായിരുന്നു വ്യവസ്ഥ.

റോഡിന്റെ പണി പൂര്‍ത്തീകരിക്കുന്നതിനോട് അനുബന്ധിച്ചു തന്നെ ടോള്‍ബൂത്തിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ടോള്‍ പിരിക്കുന്നത് സംബന്ധിച്ച് പ്രാദേശിക തലത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും ടോള്‍ പിരിവ് ഏര്‍പ്പെടുത്താനാണ് നീക്കം.

ടോള്‍ പിരിവ് ഉടന്‍ ആരംഭിക്കണമെന്ന് കാണിച്ച് കഴിഞ്ഞ സെപ്തംബറില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം കത്ത് നല്‍കിയിരുന്നു. കരാറുപ്രകാരം ടോള്‍ പിരിവ് നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ നടപടി ഉടനുണ്ടാവില്ല എന്നാണ് സൂചന. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ടോള്‍ പിരിവ് ആരംഭിക്കാനും നീക്കമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *