Breaking News

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സുപ്രീംകോടതി അഭിഭാഷകര്‍

കേന്ദ്ര സർക്കാരിൻറെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ. ഡല്‍ഹി ബാർ കൗൺസിൽ അംഗം രാജീവ് ഖോസ്‍ല, എച്ച്.എസ് ഫൂൽക്ക തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഐക്യദാര്‍ഢ്യം.

‘രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാൻ അവകാശമുണ്ട്. അവര്‍ ആ പാര്‍ട്ടിയില്‍ പെട്ടവരാണ്, ഈ പാര്‍ട്ടിയില്‍ അംഗമാണ് എന്നൊക്കെ ആരോപിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണ്. അവർ കർഷകരാണ്. അവരിൽ പലരും എന്‍റെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഹരിയാന സർക്കാർ കർഷകരോട് ചെയ്തത് ശരിയല്ല. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം’- എച്ച്.എസ് ഫൂല്‍ക്ക പറഞ്ഞു.

നീതിന്യായ വ്യവസ്ഥയെ തകർക്കാന്‍ സർക്കാർ ശ്രമിക്കുന്നുവെന്ന് രാജീവ് ഖോസ്‍ല വിമര്‍ശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ബാർ കൗൺസിൽ ഡിസംബർ 4ന് യോഗം ചേരും. എ.ഡിഎം, എസ്.ഡി.എം ഒക്കെ സര്‍ക്കാരിന്‍റെ പാവകളാണ്. സർക്കാർ നീതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ അവർ നീതി നൽകൂ. ഭൂമി അധികാരം ഉള്ളവരുടെ കൈകളില്‍ എത്തുന്ന സാഹചര്യമുണ്ടാകും. ഞങ്ങളുടെ പ്രഥമ പരിഗണന നീതി ഉറപ്പുവരുത്തുക എന്നതാണെന്നും രാജീവ് ഖോസ്‍ല പറഞ്ഞു.

ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയവയെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഒരു കിലോ ഉള്ളി വാങ്ങാന്‍ 200 രൂപയൊക്കെ നല്‍കേണ്ടി വരും. സാധാരണക്കാര്‍ക്ക് ജീവിക്കേണ്ടേ?- രാജീവ് ഖോസ്‍ല ചോദിക്കുന്നു.

കർഷകരുടെ സമരം അഞ്ചാം ദിവസത്തിലെത്തി. സമരസ്ഥലം മാറ്റിയാൽ ചർച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഒത്തുതീർപ്പ് വ്യവസ്ഥ സമരക്കാർ തള്ളി. ഉപാധി വെച്ചുള്ള ഒരു ചർച്ചക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിയ ക൪ഷക൪, കേന്ദ്രത്തെ അതി൪ത്തിയിലെ സമര വേദിയിലേക്ക് ചർച്ചക്ക് ക്ഷണിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *