മുൻ ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റിന്റെ (ജെകെപിഎം) നേതാവും പ്രമുഖ വിദ്യാർത്ഥി ആക്ടിവിസ്റ്റുമായ ഷെഹ്‌ല റാഷിദിനെതിരെ ആരോപണവുമായി പിതാവ് അബ്ദുൾ റാഷിദ് ഷോറ. മകൾ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് കാണിച്ച് അബ്ദുൾ റാഷിദ് തിങ്കളാഴ്ച ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിങിന് കത്തയച്ചു.
മകളിൽ നിന്നും വധഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നുമായിരുന്നു അബ്ദുൾ റാഷിദ് കത്തിൽ ആവശ്യപ്പെട്ടത്. ചില രാജ്യവിരുദ്ധർ നയിക്കുന്ന രാഷ്ട്രീയ സംഘടനയിൽ ചേരുന്നതിനായി മൂന്ന് കോടിയോളം രൂപ തന്റെ സമ്പാദ്യത്തിൽ നിന്നും അടിച്ചെടുത്തുവെന്നും മകളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും പിതാവ് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ, ഷെഹ്‌ല പിതാവിന്റെ ആരോപണം തള്ളിക്കളഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം പുറത്തിറക്കിയ രേഖാമൂലമുള്ള പ്രസ്താവനയിലാണ് പിതാവ് തനിക്കെതിരെ അസംബന്ധമായ ആരോപണളാണ് ഉന്നയിക്കുന്നതെന്ന് ഷെഹ്‌ല വ്യക്തമാക്കിയത്. ഗാർഹിക പീഡനത്തിന് പിതാവിനെതിരെ കേസ് കൊടുത്തതിന്റെ പ്രതികാരമാണിതെന്ന് യുവതി വ്യക്തമാക്കി.