Breaking News

ക്ഷണം 32 സംഘടനകൾക്ക് മാത്രം, മുഴുവന്‍ സംഘടനകളെയും ക്ഷണിക്കാതെ ചര്‍ച്ചയ്ക്കില്ല; കേന്ദ്ര സർക്കാരിൻറെ ക്ഷണം നിരസിച്ച് കിസാന്‍ സമിതി

കേന്ദ്ര സർക്കാരിൻറെ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ഡൽഹി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ നിലപാട് കടുപ്പിച്ച് കര്‍ഷകര്‍. ഉപാധികളില്ലാതെ ചർച്ചയ്‌ക്ക് ക്ഷണിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കര്‍ഷക സംഘടനകള്‍ നിരസിച്ചു. അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് സമരരംഗത്തുള്ളത്. ഇതില്‍ 32 എണ്ണത്തെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. മുഴുവന്‍ സംഘടനകളെയും ക്ഷണിക്കാതെ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് കിസാന്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കി. ഇന്ന് വൈകീട്ട് മൂന്നു മണിയ്ക്കാണ് കേന്ദ്ര കൃഷിമന്ത്രി സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്.

ഡൽഹി -ഹരിയാന അതിർത്തിയിൽ 500-ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിലാണ്​ സമരം. സമരം ആറാം ദിവസത്തി​ലേക്ക്​ കടക്കു​മ്പാേഴും കേന്ദ്രസർക്കാറി​ൻെറ അടിച്ചമർത്തലിന്​ വഴങ്ങാൻ കർഷകർ തയ്യാറാകുന്നില്ല. ആവശ്യം നേടിയെടുത്തതിന്​ ശേഷം മാത്രമേ സമരം അവസാനിപ്പിക്കുവെന്ന ഉറച്ച നിലപാടിലാണ്​ കർഷകർ. ഡൽഹിയിലേക്കു​ള്ള എല്ലാ അതിർത്തി പാതകളും ഉപരോധിച്ച്​ സമരം ചെയ്യാനുള്ള നീക്കത്തിലാണ്​ കർഷകർ.

ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് ബി.കെ.യു നേതാവ് ജോഗീന്ദര്‍ സിംഗ് അടക്കമുള്ള പ്രധാന നേതാക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. നേരത്തെ ഡല്‍ഹി നിരങ്കാരി മൈതാനത്തേക്ക് സമരം മാറ്റിയാല്‍ ഡിസംബര്‍ മൂന്നിന് മുമ്പ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നായിരുന്നു അമിത് ഷാ അറിയിച്ചത്.

ഈ നിര്‍ദ്ദേശം ഞായറാഴ്ച കര്‍ഷകര്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ വസതിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ എന്നിവര്‍ ചര്‍ച്ച നടത്തിയാണ് ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *