മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് യൂണിടാക് നൽകിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്‍റെ പേരിലുള്ള ലോക്കറിൽ ഉള്ളതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടു നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം പറഞ്ഞത്.
ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിനു ലഭിച്ച കോഴയാണ് ലോക്കറിലുള്ളത്. ഇത് വ്യക്തമാക്കി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്‌നയ്ക്കു മൂന്നു ലോക്കറുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള വരുമാനം സ്വപനയ്ക്കില്ല. കള്ളപ്പണം സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ലോക്കര്‍ തുറന്നതെന്ന് ഇഡി പറഞ്ഞു.
സ്വര്‍ണക്കടത്തിനെ സഹായിക്കുന്നതിന് ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി ദുരുപയോഗം ചെയ്‌തെന്ന് ഇഡി ആരോപിച്ചു. സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്തുവരികയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇത് മൂന്നാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ ജാമ്യത്തിന് ശ്രമിക്കുന്നത്. 150-ലധികം പേജുകളുള്ള വിശദമായ സത്യവാങ്മൂലമാണ് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സ്വപ്നയുടെ പേരിലുള്ള എസ്ബിഐയിലെയും ഫെഡറൽ ബാങ്കിലെയും ലോക്കറുകളിലെ ഒരു കോടി രൂപ ആരുടേതാണെന്ന ചോദ്യം ആദ്യം മുതലേ ഉയർന്നിരുന്നതാണ്. ഷാർജ ഭരണാധികാരി സമ്മാനമായി തന്നതാണെന്ന് ആദ്യവും പിന്നീട് അച്ഛൻ വിവാഹസമ്മാനമായി തന്നതാണെന്ന് പിന്നീടും പരസ്പരവിരുദ്ധമായ മൊഴികളാണ് സ്വപ്ന പറഞ്ഞത്. എന്നാൽ കഴിഞ്ഞ പത്താം തീയതി അട്ടക്കുളങ്ങര ജയിലിൽ വച്ച് സ്വപ്നയുടെ വിശദമായ മൊഴിയെടുത്തപ്പോൾ എവിടെ നിന്നാണ് ഈ പണം ലഭിച്ചതെന്ന് സ്വപ്ന വ്യക്തമാക്കിയെന്നാണ് ഇഡി സത്യവാങ്മൂലത്തിൽ പറയുന്നത്.
ഇഡി കള്ളക്കഥകള്‍ മെനയുകയാണെന്നും തനിക്കു സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നുമാണ് ശിവശങ്കര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. സ്വപ്‌നയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ഇഡി തന്നെ അറസ്റ്റ് ചെയ്തതെന്നും മൊഴിക്ക് അടിസ്ഥാനമായ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.