Breaking News

ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരം ജില്ലയില്‍ 180 ക്യാമ്പുകള്‍ സജ്ജം; ആളുകളെ മാറ്റിത്തുടങ്ങി

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അപകട സാധ്യതാ മേഖലയില്‍ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ഇത്തരത്തില്‍ 180 ക്യാമ്പുകളാണ് റവന്യൂ വകുപ്പ് ജില്ലയില്‍ തയാറാക്കിയിട്ടുള്ളത്. 11,050 ആളുകളെ ഈ ക്യാമ്പുകളില്‍ സുരക്ഷിതമായി പാര്‍പ്പിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

തിരുവനന്തപുരം താലൂക്കില്‍ 48 ക്യാമ്പുകളിലായി 1,550 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയും. ചിറയിന്‍കീഴില്‍ 30 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 1,800 പേരെ മാറ്റിപ്പാര്‍പ്പിക്കാനാകും. മറ്റു താലൂക്കുകളിലെ ക്യാമ്പുകളും പാര്‍പ്പിക്കാനാകുന്ന ആളുകളുടെ ശേഷിയും ഇങ്ങനെ; വര്‍ക്കല – 46 ക്യാമ്പുകള്‍(600), നെടുമങ്ങാട് – 19 ക്യാമ്പുകള്‍(3,800), കാട്ടാക്കട – 12 ക്യാമ്പുകള്‍(1,000), നെയ്യാറ്റിന്‍കര – 25 ക്യാമ്പുകള്‍ (2,300)

ജില്ലയില്‍ പതിവായി കാലവര്‍ഷ കെടുതി നേരിടുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ പറഞ്ഞു. സുരക്ഷിതാവസ്ഥയിലല്ല എന്നു തോന്നുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടുവന്നു സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം തേടണം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യുതിയെത്തിക്കാന്‍ കെഎസ്ഇബിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാറ്റിപാര്‍പ്പിക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിനും വാട്ടര്‍ അതോറിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *