സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴിയെടുക്കല്‍ ഇന്നും കോടതിയില്‍ തുടരും. ക്രിമിനല്‍ നടപടിചട്ടം 164 പ്രകാരം ഇന്നലെ വൈകിട്ട് പ്രാഥമിക മൊഴിയെടുത്തിരുന്നു. രഹസ്യമൊഴി നല്‍കണമെന്ന പ്രതികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കോടതി നടപടി. ഇന്ന് ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. എറണാകുളം ജെ.എഫ്.സി.എം മൂന്നാം കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്.
രഹസ്യമൊഴി സീൽഡ് കവറിലാക്കി കസ്റ്റംസ് കേസ് പരിഗണിക്കുന്ന എ.സി.ജെ.എം കോടതിക്ക് സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കസ്റ്റംസ് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് രണ്ട് ദിവസം മുമ്പ് സ്വപ്നയെയും സരിത്തിനെയും എ.സി.ജെ.എം കോടതിയിൽ ഹാജരാക്കിയപ്പോള്‍ രഹസ്യമായി ചിലത് പറയാനുണ്ടെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു.
നിലവിൽ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ് പ്രതികൾ. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. കേസിൽ എം ശിവശങ്കര്‍ നൽകിയ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി ഇന്ന് പരിഗണിക്കും. കള്ളക്കടത്തിലെ പങ്കില്ലെന്നും തെളിവില്ലാതെയാണ് കേസില്‍ പ്രതി ചേര്‍ത്തത് എന്നുമാണ് ശിവശങ്കറിന്‍റെ വാദം.
അതേസമയം, സ്വർണക്കളളക്കടത്തിൽ അറിവും പങ്കാളിത്തവുമുളള വമ്പൻ സ്രാവുകളുടെ പേരുകൾ കണ്ട് ഞെട്ടിയെന്ന് കൊച്ചിയിലെ കസ്റ്റംസ് കോടതി പരാർമശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സരിത്തിന്‍റെയും സ്വപ്നയുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയത്. പ്രിൻസിപ്പിൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കൂകുടി കളളക്കടത്ത് സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയത്. ഇതിന് പിന്നാലെയാണ് കോടതി മുമ്പാകെ രഹസ്യമൊഴി എടുത്തത് എന്നതും പ്രസക്തമാണ്.
എൻഫോഴ്സ്മെന്‍റിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ കസ്റ്റംസും തീരുമാനിച്ചിട്ടുണ്ട്. കോൺസുലേറ്റ് ഉന്നതരുടെ പങ്കാളിത്തമടക്കം സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴിയിൽ ഉണ്ടെന്നാണ് വിവരം.