Breaking News

വാമിഖക്കും കങ്കണയുടെ ബ്ലോക്ക്; ബ്ലോക്ക് ചെയ്‌തോളൂ, ആ വായ തുറക്കാതിരുന്നാല്‍ മതിയെന്ന് നടി

ന്യൂഡൽഹി: കര്‍ഷക പ്രതിഷേധത്തിനെതിരെ വിദ്വേഷ വ്യാജ പരാമര്‍ശങ്ങള്‍ നടത്തിയ നടി കങ്കണ റണൗട്ടിനെതിരെ വിമര്‍ശനം ഉന്നയിച്ച നടിയും മലയാള സിനിമ ഗോദയിലെ നായികയുമായ വാമിഖ ഗാബിയെയും ബ്ലോക്ക് ചെയ്ത് കങ്കണ റണൗട്ട്. ഷാഹിന്‍ ബാഗ് ദാദി ബില്‍ക്കീസ് ബാനുവിനെ അധിക്ഷേപിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റിനെതിരെ വാമിഖ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വാമിഖയെ കങ്കണ ബ്ലോക്ക് ചെയ്തത്. ബ്ലോക്ക് മാത്രമല്ലേ ചെയ്തുള്ളൂ അതുതന്നെ സന്തോഷമെന്ന് വാമിഖ മറുപടി ട്വീറ്റും ചെയ്തിട്ടുണ്ട്.

ഒരിക്കല്‍ താന്‍ കങ്കണയുടെ ആരാധികയായിരുന്നെന്നും എന്നാലിപ്പോള്‍ അന്ന് ഇഷ്ടപ്പെട്ടതില്‍ പോലും നാണക്കേട് തോന്നുന്നുവെന്നായിരുന്നു ബില്‍ക്കീസ് ദാദിയെ അധിക്ഷേപിക്കുന്ന കങ്കണയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കഴിഞ്ഞ ദിവസം വാമിഖ ട്വീറ്റ് ചെയ്തത്. ‘ഒരിക്കല്‍ ആരാധിയായിരുന്നു. ഇപ്പോള്‍ ഇഷ്ടപ്പെട്ടതില്‍ പോലും നാണക്കേട് തോന്നുന്നു. ഹിന്ദു ആകുകയെന്നാല്‍ സ്‌നേഹമാകുക എന്നാണ് അര്‍ത്ഥം. പക്ഷെ രാവണന്‍ ഉള്ളിലെത്തിയാല്‍ മനുഷ്യന്‍ ഇങ്ങനെയായി തീരുമായിരിക്കാം, ഇത്രയും അഹങ്കാരവും ക്രോധവും വിദ്വേഷവും. വെറുപ്പ് മാത്രം നിറഞ്ഞ ഒരു സ്ത്രീയായി നിങ്ങള്‍ മാറുന്നത് കാണുമ്പോള്‍ ഹൃദയം തകരുകയാണ്,’ എന്നായിരുന്നു വാമിഖയുടെ ട്വീറ്റ്. ഇതിനെ പിന്നാലെയാണ് വാമിഖയെ കങ്കണ ബ്ലോക്ക് ചെയ്തത്.

ബ്ലോക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് വാമിഖ മറുപടിയുമായെത്തിയത്. ‘ബ്ലോക്ക് മാത്രമല്ലേ ചെയ്തുള്ളു. അതുതന്നെ ഒരുപാട് സന്തോഷം. മുന്‍പ് മറ്റു സത്രീകളോട് പറഞ്ഞ പോലെയെങ്ങാനും എനിക്ക് മറുപടി തന്നിരുന്നെങ്കില്‍ എന്റെ ഹൃദയം തകരുമായിരുന്നു. ഹൃദയത്തില്‍ സ്‌നേഹം നിറയാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.’ വാമിഖ ട്വീറ്റ് ചെയ്തു.

കര്‍ഷക പ്രതിഷേധത്തോടുള്ള കങ്കണയുടെ നിലപാടുകളില്‍ വിമര്‍ശനം ഉന്നയിച്ച പഞ്ചാബി ഗായികയും ബിഗ് ബോസ് താരവുമായ ഹിമാന്‍ഷി ഖുരാനയെയും കങ്കണ കഴിഞ്ഞ ദിവസം ബ്ലോക്ക് ചെയ്തിരുന്നു. കലാപത്തെക്കുറിച്ച് സംസാരിച്ചും കര്‍ഷകരുടെ പ്രതിഷേധത്തെ ഷഹീന്‍ ബാഗുമായി ഉപമിച്ചും കങ്കണ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹിമാന്‍ഷി ആരോപിച്ചിരുന്നു.

‘ ഇപ്പോള്‍ ഇവളാണല്ലോ വക്താവ്, ഏത് കാര്യവും വളച്ചൊടിച്ച് തെറ്റായ രീതിയില്‍ പറയേണ്ടത് എങ്ങനെയെന്ന് ഇവരെ കണ്ടുവേണം പഠിക്കാന്‍. ഇനി കര്‍ഷകര്‍ എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പേ തന്നെ എന്തുകൊണ്ടാണ് നാട്ടില്‍ കലാപം നടന്നതെന്ന് ഇവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തും’, ഹിമാന്‍ഷി പറഞ്ഞു. ഈ ട്വീറ്റുകളെ തുടര്‍ന്നായിരുന്നു ഹിമാന്‍ഷിയെ കങ്കണ ബ്ലോക്ക് ചെയ്തത്.

തുടക്കം മുതല്‍ തന്നെ കര്‍ഷക പ്രക്ഷോഭത്തെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു കങ്കണ രംഗത്തെത്തിയത്. സമരം നടത്തുന്നവര്‍ ദേശവിരുദ്ധരാണെന്നും മറ്റൊരു ഷഹീന്‍ബാഗ് സൃഷ്ടിക്കാനാണ് കര്‍ഷകരുടെ ശ്രമമെന്നും കങ്കണ പറഞ്ഞിരുന്നു.

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഷഹീന്‍ബാഗ് ദാദി ബില്‍ക്കീസിനെ അടക്കം പരിഹസിച്ച് കങ്കണ പ്രസ്താവന നടത്തിയിരുന്നു. വെറും 100 രൂപ കൊടുത്താല്‍ ഏത് സമരത്തില്‍ വേണമെങ്കിലും പങ്കെടുക്കാന്‍ ഈ ദാദി എത്തുമെന്നും ഭക്ഷണവും വസ്ത്രവും പണവും മാത്രം കൊടുത്താല്‍ മതിയെന്നായിരുന്നു കങ്കണ പറഞ്ഞത്. ഇതിനെതിരെയും ഹിമാന്‍ഷി കങ്കണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഹിമാന്‍ഷിക്ക് പുറമെ മറ്റ് പഞ്ചാബി താരങ്ങളായ സര്‍ഗുന്‍ മേത്ത, അമ്മി വിര്‍ക്ക്, സുഖെ എന്നിവരും കങ്കണയുടെ നിലപാടിനെ ചോദ്യം ചെയ്തിരുന്നു.

ദാദിയെ അധിക്ഷേപിച്ച സംഭവത്തില്‍ പഞ്ചാബിലെ അഭിഭാഷകന്‍ ഹര്‍കം സിങ് കങ്കണക്ക് ലീഗല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ എന്ത് അഭിപ്രായം പറഞ്ഞാലും അത് ആധികാരികമായിരിക്കണം എന്ന് ഓര്‍മപ്പെടുത്താനാണ് നോട്ടീസ് അയച്ചതെന്ന് ഹര്‍കം സിങ് പറഞ്ഞു.

കര്‍ഷക സമരം പോലൊരു പ്രക്ഷോഭം ആളുകളെ വാടകക്ക് എടുത്താണ് നടത്തുന്നതെന്ന് ഒരു സെലിബ്രിറ്റി പറയുന്നത് അംഗീകരിക്കാനാവില്ല. കങ്കണ മാപ്പ് പറഞ്ഞില്ലെങ്കില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും ഹര്‍കം സിങ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *