മുംബൈ: മഹാരാഷ്ട്രയിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി. ഈ ആഴ്ച ആദ്യം പോളിംഗ് നടന്ന മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ആറ് സീറ്റുകളിൽ ബി.ജെ.പി നേടിയത് ഒരു സീറ്റ് മാത്രമാണ്. ഭരണകക്ഷിയായ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം നാല് സീറ്റുകളും ഒരു സ്വതന്ത്ര അംഗം ബാക്കി സീറ്റും നേടി. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മഹാരാഷ്ട്രയിൽ അധികാരം നഷ്ട്ടപെട്ടിരുന്നു.
ശിവസേന സഖ്യകക്ഷികൾ നാലെണ്ണം നേടി. ധൂലെ-നന്ദൂർബാർ തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മാത്രമാണ് ബി.ജെ.പി വിജയിച്ചത്, അതിന്റെ ഫലങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബി.ജെ.പിക്ക് കാലങ്ങളായുള്ള ശക്തികേന്ദ്രങ്ങളിൽ തോൽവി നേരിട്ടു. പാർട്ടിയുടെ ശക്തികേന്ദ്രമായ നാഗ്പൂരിലെ സീറ്റാണ് ഏറ്റവും വലിയ നഷ്ടം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പിതാവ് ഗംഗാധർ റാവു ഫഡ്‌നാവിസും പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണിത്. 1989 ൽ ആദ്യമായി മണ്ഡലത്തിൽ വിജയിച്ച ഗഡ്കരി, കേന്ദ്രത്തിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ച 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് അവിടെ നിന്ന് നാല് വിജയങ്ങൾ കൂടി നേടി.
ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ എന്നിവരുൾപ്പെടെ ബി.ജെ.പി നേതാക്കൾ വ്യാപകമായി പ്രചാരണം നടത്തിയ പൂനെയിൽ ഭരണകക്ഷിയായ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ സ്ഥാനാർത്ഥി വിജയിച്ചു.
“മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ് ഫലം ഞങ്ങളുടെ പ്രതീക്ഷകൾക്കനുസൃതമല്ല. ഞങ്ങൾ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. മൂന്ന് പാർട്ടികളുടെയും (മഹാ വികാസ് അഘാദി) സംയോജിത ശക്തിയെക്കുറിച്ചുള്ള ഞങ്ങളുടെ കണക്കുകൂട്ടലുകൾ പിഴച്ചു,” മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.