ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി. പാർട്ടിക്കുള്ളിലെ പ്രശ്‌നപരിഹാരത്തിനുള്ള കേന്ദ്ര നിർദേശം നടപ്പായില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. ദേശീയാധ്യക്ഷൻ ജെ.പി.നദ്ദയ്ക്ക് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരാണ് കത്തയച്ചത്.
തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ബിജെപിയിൽ വീണ്ടും വിമതസ്വരം ഉയരുന്നത്. പാർട്ടിക്കുള്ളിലെ പ്രശ്‌നപരിഹാരത്തിനുള്ള കേന്ദ്ര നിർദ്ദേശം നടപ്പായില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. ദേശീയാദ്ധ്യക്ഷൻ ജെ.പി.നദ്ദയ്ക്ക് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും കത്തയച്ചു. പുതിയ പ്രഭാരി വന്ന ശേഷം കോർ കമ്മിറ്റി കൂടി പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല, പിന്നാലെ ഡിസംബർ ഒന്നിന് തൃശൂരിൽ നിശ്ചയിച്ച കോർകമ്മിറ്റി അപ്രതീക്ഷിതമായി മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ കാര്യങ്ങൾ നീട്ടിക്കൊണ്ട് പോകാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
അതേസമയം, ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ ഈ മാസം സംസ്ഥാനത്തെത്തുമ്പോൾ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് ശോഭാ സുരേന്ദ്രൻ അടക്കമുള്ളവരുടെ പ്രതീക്ഷ. അതുകൂടി ലക്ഷ്യമിട്ടാണ് നിലവിലെ കത്ത്. കെ.സുരേന്ദ്രൻ ചുമതലയേറ്റ ശേഷം ശോഭാ സുരേന്ദ്രടക്കമുള്ളവർ പാർട്ടി വേദികളിൽ സജീവമല്ല. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ഒരു വിഭാഗം വിട്ടുനിൽക്കുകയാണ്.