Breaking News

ബൂത്തുകളിൽ സ്ഥാനാർഥികൾക്കും വീഡിയോഗ്രാഫി ഏർപ്പെടുത്താം

തിരുവനന്തപുരം: ജില്ലയിലെ ഏതെങ്കിലും പോളിങ് ബൂത്തിലെ വോട്ടെടുപ്പ് നടപടിക്രമങ്ങൾ വീഡിയോയിൽ പകർത്തുന്നതിന് സ്ഥാനാർഥികൾക്കും രാഷ്ട്രീയ കക്ഷികൾക്കും സംഘടനകൾക്കും അവസരമുണ്ടാകുമെന്നു ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ പറഞ്ഞു. നിബന്ധനകളോടെയാകും അനുമതി. വീഡിയോഗ്രാഫി നടത്തുമ്പോൾ സമ്മതിദായകർ വോട്ട് ചെയ്യുന്ന പ്രക്രിയ ചിത്രീകരിക്കാൻ അനുവദിക്കില്ല. സമ്മതിദാന അവകാശത്തിന്റെ സ്വകാര്യതയ്ക്കു ഭംഗം വരുത്താനും പാടില്ല. വീഡിയോ ചിത്രീകരണത്തിന്റെ പകർപ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കല്ലാതെ മറ്റാർക്കും നൽകാൻ പാടില്ല. വീഡിയോഗ്രാഫർക്കു നൽകാനുള്ള തുക ജില്ലാ കളക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലോ ജില്ലാ കളക്ടറുടേയും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലോ നിക്ഷേപിക്കണം. തെരഞ്ഞടുപ്പിനു ശേഷം ബില്ലും ക്ലെയിമും സമർപ്പിക്കുന്ന മുറയ്ക്ക് ഈ തുക അനുവദിക്കുമെന്നും കളക്ടർ അറിയിച്ചു. സ്വതന്ത്രവും നീതിപൂർവകവുമായി തെരഞ്ഞെടുപ്പ് നടക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോഗ്രാഫി ചെയ്യുന്നത് എന്നതിനാൽ ഇതിന്റെ ചെലവ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവായി പരിഗണിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *