തനിക്കെതിരായ പോക്സോ കേസിൽ വിശദീകരണവുമായി സി.ഡബ്ല്യു.സി ചെയർമാൻ ഇ.ഡി ജോസഫ്. ജോലിയുടെ ഭാഗമായി കൗൺസിലിംഗ് നടത്തുക മാത്രമാണ് ചെയ്തതെന്ന് ചെയർമാൻ പറഞ്ഞു. വനിതാ കൗൺസിലറും തനിക്കൊപ്പം ഉണ്ടായിരുന്നു.
ലൈംഗിക ബന്ധം നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് ഇരയായ പെൺകുട്ടിയോട് ചോദിച്ചത്. അത് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. കാമുകൻ അറസ്റ്റിലായതിൻ്റെ വൈരാഗ്യമായിരിക്കാം ഇതിന് പിന്നിലെന്നും മനഃപൂർവം തന്നെ കുടുക്കാനുള്ള ശ്രമമാണുണ്ടായതെന്നും ഇ.ഡി ജോസഫ് പറഞ്ഞു. ശിശുക്ഷേമ സമിതികളുടെ പ്രവർത്തനത്തെ തന്നെ ഇത്തരം പരാതികൾ ബാധിക്കുമെന്നും ഇ.ഡി ജോസഫ് കൂട്ടിച്ചേർത്തു.
ഇന്നാണ് ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ തലശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഒക്ടോബർ 21നാണ് സംഭവമുണ്ടായത്. പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ കൗൺസിലിംഗിനായി തലശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫിസിലെത്തിച്ചതായിരുന്നു. കൗൺസിലിംഗിനിടെ പ്രതി പെൺകുട്ടിയുടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. രഹസ്യമൊഴി നൽകുന്നതിനിടെ പെൺകുട്ടി ഇക്കാര്യം മജിസ്ട്രേറ്റിനെ അറിയിച്ചു. തുടർന്ന് കോടതിയുടെ നിർദേശ പ്രകാരമാണ് പൊലീസ് ഇ.ഡി ജോസഫിനെതിരെ കേസെടുത്തത്. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നും വനിതാ കൗൺസിലറുടെ സാന്നിധ്യത്തിലാണ് പെൺകുട്ടിയോട് സംസാരിച്ചതെന്നും ഇ.ഡി ജോസഫ് പറഞ്ഞു.