കര്‍ഷക പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള അഞ്ചാംവട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തി. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കര്‍ഷകരുമായുള്ള ചര്‍ച്ച.
പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോര്‍പറേറ്റുകളുടെയും കോലം കത്തിക്കാനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, തുടര്‍ച്ചയായ പത്താം ദിവസവും ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് നൂറുകണക്കിന് കര്‍ഷകര്‍ എത്തിച്ചേരുകയാണ്. കര്‍ണാല്‍ ദേശീയ പാതയിലും ഡല്‍ഹി – മീററ്റ് ദേശീയ പാതയിലും അടക്കം പ്രക്ഷോഭം തുടരുകയാണ്.