Breaking News

‘കർഷകൻ്റെ വയറ്റത്തടിച്ചാൽ മോദിയേയും അമിത് ഷായേയും പാഠം പഠിപ്പിക്കും’; വിവാദ നിയമം പിൻവലിക്കാതെ പിൻമാറില്ലെന്ന് കർഷക യൂണിയൻ നേതാവ്

കേന്ദ്ര സർക്കാരിൻറെ വിവാദ നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷക യൂണിയൻ നേതാവ് ബൽദേവ് സിംഗ് സിർസ. താങ്ങുവില ഉറപ്പാക്കാനുള്ള നിയമം കൊണ്ട് വരണമെന്നാണ് ആവശ്യം. ഇത് കർഷകരുടെ സമരമാണെന്ന് മോദി ഓർക്കണമെന്നും കർഷകൻ്റെ വയറ്റത്തടിച്ചാൽ മോദിയേയും അമിത് ഷായേയും പാഠം പഠിപ്പിക്കുമെന്നും ബൽദേവ് സിംഗ് സിർസ മുന്നറിയിപ്പ് നൽകി.

രാജ്യ തലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭം ഒൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കർഷക സംഘടനകളുമായി കേന്ദ്ര സർക്കാരിൻറെ നിർണായക ചർച്ച ഇന്നാണ്. ഭേദഗതികളിൽ ചർച്ചയാകാമെന്ന കേന്ദ്ര നിലപാട് കർഷകർ ഇന്നലെ തള്ളിയിരുന്നു. ഇന്ന് മുതൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കർഷക സംഘടനകൾ ഇന്ന് പ്രതിഷേധിക്കും. എല്ലാ ടോൾ പ്ലാസകളും ഉപരോധിക്കാനും ഡൽഹിയിലേക്കുള്ള റോഡുകൾ പൂർണമായി തടയാനും കർഷകർ തീരുമാനമെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഭാരത് ബന്ദിനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും അതിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിന തുടർന്നാണ് കഴിഞ്ഞ ദിവസം നടന്ന ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടത്. കർഷകരുടെ ആശങ്ക അകറ്റാൻ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകൾ ഇറക്കാം എന്നതായിരുന്നു സർക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കർഷക സംഘടന നേതാക്കൾ അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *