Breaking News

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര്; സംഘപരിവാര്‍ സംഘടനകളില്‍ അഭിപ്രായ ഭിന്നത

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ സംഘപരിവാര്‍ സംഘടനകളില്‍ അഭിപ്രായ ഭിന്നത. ഗോള്‍വാള്‍ക്കറെ ആദരിക്കുന്നവര്‍ക്ക് അംഗീകരിക്കാനാവാത്ത നടപടിയെന്ന് ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പ്രതികരിച്ചു.

കേരളത്തിലെ ആര്‍എസ്എസ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് കേന്ദ്രത്തെ സമീപിച്ചിട്ടില്ല. ആര്‍ക്കെങ്കിലും പെട്ടെന്നുണ്ടായ വെളിപാടിന്റെ അടിസ്ഥാനത്തിലാണോ നടപടിയെന്നും ഭാരതീയ വിചാരകേന്ദ്രം പ്രതികരിച്ചു. ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും ലേഖനത്തിലുണ്ട്.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ അനുബന്ധ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കിയതില്‍ വിവാദം കൊഴുക്കവേയാണ് വിഷയത്തില്‍ സംഘപരിവാറിനുള്ളിലെ അഭിപ്രായഭിന്നത മറനീക്കുന്നത്.

വ്യക്തിപൂജയെ കൊണ്ടാടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ലേഖനത്തില്‍ പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയടക്കം കേന്ദ്രത്തിന് കത്തയച്ച സാഹചര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നും ആര്‍.സഞ്ജയന്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്നണി വ്യത്യാസമില്ലാതെ സംസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ബിജെപി പ്രതിഷേധങ്ങളെ അവഗണിക്കുകയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *