പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റപത്രം സമര്‍പ്പിച്ച് ഒന്‍പത് മാസത്തിന് ശേഷമുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയുമായി വന്നതുകൊണ്ടാണ് മുന്‍കൂര്‍ തുക ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയത്. കൂടാതെ ഗുരുതര രോഗത്തിനാണ് ചികിത്സയിലുള്ളത്. മികച്ച ചികിത്സ ആവശ്യമാണെന്നും ഇബ്രാഹിംകുഞ്ഞ് ഹര്‍ജിയില്‍ പറയുന്നുണ്ട്.
പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. പാലം നിര്‍മാണ ചുമതലയുള്ള ആര്‍ഡിഎസ് കമ്പനിക്ക് ചട്ടവിരുദ്ധമായി മുന്‍കൂര്‍ പണം അനുവദിച്ചുവെന്നതാണ് മുന്‍മന്ത്രിക്കെതിരായ കുറ്റം. നിലവില്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.