മുംബൈ: ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അവതരിപ്പിച്ച ലഖ്‌നൗ മുനിസിപ്പല്‍ കോര്‍പറേഷന്‍ ബോണ്ട് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബി.എസ്.ഇ) ലിസ്റ്റ് ചെയ്തു. നാലര ഇരട്ടി ആവശ്യക്കാരെത്തിയ ബോണ്ടിന് ആദ്യ മിനിറ്റില്‍ തന്നെ 21 ബിഡുകളാണ് ലഭിച്ചത്. മുനിസിപ്പല്‍ ബോണ്ടിലൂടെ 200 കോടി രൂപ സമാഹരിച്ചു. അമൃത്, സ്മാര്‍ട് സിറ്റീസ് മിഷന്‍ പദ്ധതികള്‍ക്കു ബോണ്ടുകളിലൂടെ ഫണ്ട് കണ്ടെത്താന്‍ മാര്‍ഗനിര്‍ദേശം വന്നതിനു ശേഷം ഈ ശ്രമം നടത്തിയ എട്ടു നഗരങ്ങളിലൊന്നാണ് ലഖ്‌നൗ. അടിസ്ഥാന സൗകര്യ വിക്‌സന പദ്ധതികള്‍ക്കായി 3,690 കോടി സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. ഇന്ത്യ ആന്റ് ബ്രിക്ക്‌വര്‍ക്ക് റേറ്റിങ്‌സിന്റെ എഎ സ്റ്റേബിള്‍, എഎ (സിഇ) സ്റ്റേബിള്‍ റേറ്റിങ് ലഭിച്ച ഈ ബോണ്ടുകളുടെ കാലാവധി 10 വര്‍ഷമാണ്. നിക്ഷേപ തുക നാലാം വര്‍ഷം മുതലും പത്താം വര്‍ഷം മുതലും ഏഴു തവണകളായി തിരികെ ലഭിക്കും. കൂപ്പണ്‍ നിരക്ക് പ്രതിവര്‍ഷം 8.5 ശതമാനമാണ്. കഴിഞ്ഞ മൂന്നര വര്‍ഷത്തെ ഭരണത്തിലൂടെ സര്‍ക്കാര്‍ നേടിയ നിക്ഷേപകരുടെ വിശ്വാസത്തിന് തെളിവാണ് ഈ ബോണ്ടിനു ലഭിച്ച മികച്ച പ്രതികരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
