Breaking News

അഞ്ച് ജില്ലകള്‍ ഇന്ന് വോട്ടെടുപ്പ്; മോക് പോളിങ് ആരംഭിച്ചു, ജനവിധി തേടുന്നത് 25000ത്തോളം സ്ഥാനാർഥികൾ

സംസ്ഥാനത്ത് ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകഴില്‍ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. രാവിലെ ആറ് മുതല്‍ ബൂത്തുകളില്‍ മോക് പോളിങ് ആരംഭിച്ചു. കര്‍ശന കോവിഡ‍് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്.

പോളിങ് ബുത്തിലെത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖകളിലേതെങ്കിലുമൊന്ന് ഹാജരാക്കണം. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി. ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്ന് തിരഞ്ഞെടുപ്പുതീയതിക്ക് ആറുമാസംമുന്‍പുവരെ നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്കുശേഷം കോവിഡ് പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ചൊവ്വാഴ്ച പോളിങ് ബൂത്തില്‍ നേരിട്ടെത്തി പി.പി.ഇ.കിറ്റ് ധരിച്ച് വോട്ടുചെയ്യാം. ആരോഗ്യവകുപ്പിനെയും വരണാധികാരിയെയും വോട്ടുചെയ്യുന്ന കാര്യം അറിയിക്കണം. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ വോട്ടുചെയ്യാനാവൂ. ചൊവ്വാഴ്ച വൈകീട്ട് ആറിനുമുന്‍പ് പോളിങ് ബൂത്തിലെത്തണം. മറ്റു വോട്ടര്‍ വോട്ടുചെയ്തശേഷമേ കോവിഡ് ബാധിതരെ വോട്ടുചെയ്യാന്‍ അനുവദിക്കൂ.

395 തദ്ദേശ സ്ഥാപനങ്ങളിൽ 6910 വാർഡുകളിലേക്ക് 88,26,873 വോട്ടർമാർ വിധിയെഴുതും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. തിങ്കളാഴ്ച മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിച്ചവർക്കും ക്വാറന്റീനിലായവർക്കും പി.പി.ഇ. കിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറുമണിയോടെ വോട്ടുചെയ്യാം.

395 തദ്ദേശ സ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്ക് 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും. ആകെ വോട്ടർമാരിൽ 41,58,395 പുരുഷന്മാരും 46,68,267 സ്ത്രീകളും 61 ട്രാൻസ്‌ജെൻഡേഴ്‌സുമാണ് ഒന്നാംഘട്ടത്തിലുള്ളത്. 150 പ്രവാസി ഭാരതീയരുമുണ്ട്. 42,530 പേർ കന്നിവോട്ടർമാരാണ്. 11,225 പോളിങ് ബൂത്തുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും സജ്ജമാക്കി. 320 പ്രശ്നസാധ്യതാ ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തി.

പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച നടന്നു. കൊല്ലം ജില്ലയിലെ പന്മന ഗ്രാമപ്പഞ്ചായത്തിൽ രണ്ടുവാർഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിലും സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി. തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം- 1727, കൊല്ലം- 1596, പത്തനംതിട്ട- 1042, ആലപ്പുഴ- 1564, ഇടുക്കി- 981.

വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകീട്ട് ആറിനു സമാപിക്കും. ബാക്കി നാലു ജില്ലകളിൽ 14-നാണ് തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *