Breaking News

വരുമാനം കൊണ്ട് മുന്നോട്ട് പോകുവാനാവില്ല; ഉപയോഗിക്കാത്ത സ്വര്‍ണം തേടി ദേവസ്വംബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ നിന്നും ലഭിക്കുന്ന വരുമാനമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുഖ്യമായ സാമ്പ ത്തിക സ്രോതസ്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയപ്പോള്‍ സന്നിധാനത്ത് ഭക്തരുടെ എണ്ണം നൂറിലൊന്നായി കുറഞ്ഞിരിക്കുകയാണിപ്പോള്‍. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലും ഇത് ഗണ്യമായ കുറവിന് കാരണമായിട്ടുണ്ട്. ശബരിമലയില്‍ നിന്നുമുള്ള വരുമാനം കുറഞ്ഞതോടെ മുണ്ട് മുറുക്കുവാനും പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുവാനും തീരുമാനിച്ചിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ നിത്യ പൂജയ്‌ക്കോ ചടങ്ങുകള്‍ക്കോ ഉപയോഗിക്കേണ്ടാത്ത സ്വര്‍ണം, വെള്ളി തുടങ്ങിയ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. അറുന്നൂറോളം ക്ഷേത്രങ്ങളിലെ രജിസ്റ്ററുകളാണ് ഇതിനായി പരിശോധിക്കുന്നത്. ഇത്തരത്തില്‍ ഉപയോഗിക്കപ്പെടാത്ത സ്വര്‍ണം റിസര്‍വ് ബാങ്കിന്റെ സ്വര്‍ണബോണ്ടില്‍ നിക്ഷേപിക്കാനാണ് പദ്ധതി. സ്വര്‍ണബോണ്ടിലൂടെ വരുമാനം ഉയര്‍ത്താന്‍ ഹൈക്കോടതിയുടെ അനുമതി തേടുമെന്നും സൂചനയുണ്ട്. അതേസമയം വഴിപാടിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇത് സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ല. കൊവിഡ് കാലയളവില്‍ ഓണ്‍ലൈന്‍ വഴിയുള്ള വഴിപാടുകള്‍, കാണിക്ക എന്നിവ വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളും. അനുമതിയില്ലാതെ ക്ഷേത്രങ്ങളില്‍ അനാവശ്യ ചടങ്ങുകള്‍ക്ക് പണപ്പിരിവ് നടത്തുന്ന ഉപദേശകസമിതികള്‍ക്കു തടയിടാനും തീരുമാനമായിട്ടുണ്ട്.

എന്നാൽ ക്ഷേത്രങ്ങളില്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഭക്തജനങ്ങളോട് കൂടുതല്‍ മര്യാദയോടെ പെരുമാറണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ബോര്‍ഡ്. ഇതിനായി മിന്നല്‍ പരിശോധന നടത്തും. ശബരിമലയില്‍ നിന്നുള്ള വരുമാനക്കുറവാണ് മറ്റുവഴികള്‍ തേടാന ബോര്‍ഡിനെ പ്രേരിപ്പിച്ചിരിക്കുന്നത്. മണ്ഡലകാലത്ത് ശബരിമലയില്‍ ആദ്യ 20 ദിവസത്തെ വരുമാനം മൂന്നേകാല്‍ക്കോടി രൂപ മാത്രമാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 66 കോടിയായിരുന്നു വരുമാനം.

Leave a Reply

Your email address will not be published. Required fields are marked *