Breaking News

അപ്പോഴാണ് ഞാന്‍ ചോദിച്ചത്, എന്തിനാണ് നിങ്ങള്‍ ഈ രണ്ടുപൈസ പത്രക്കാരെ ഇങ്ങോട്ടുവിളിച്ചതെന്ന്; വിവാദത്തിന് പിന്നാലെ മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചെന്ന വിവാദത്തിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിശദീകരണവുമായി മൊയ്ത്ര രംഗത്തെത്തിയിരിക്കുന്നത്. ഗായേശ്പൂരില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഭ്യന്തര യോഗത്തില്‍വെച്ച് മൊയ്ത്ര മാധ്യമപ്രവര്‍ത്തകരെ രണ്ടുപൈസ പത്രക്കാര്‍ എന്ന് വിളിച്ചെന്നാണ് ഉയര്‍ന്നുവന്ന ആരോപണം.

എന്നാല്‍, പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നമാണ് സംഭവത്തിന് വഴിയൊരുക്കിയതെന്നാണ് മൊയ്ത്ര പറയുന്നത്. ”യോഗത്തില്‍ ഒരു പ്രസ്സും അനുവദനീയമല്ല. ടി.എം.സിയിലെ ഒരു ഗ്രൂപ്പ് പ്രദേശത്തെ പ്രസിഡന്റിന് എതിരായിരുന്നു, അതിനാല്‍ ഞാന്‍ അവിടെയെത്തിയപ്പോള്‍, ‘ഞങ്ങള്‍ക്ക് അദ്ദേഹത്തെ അംഗീകരിക്കാന്‍ കഴിയില്ല, അദ്ദേഹം ഞങ്ങളെ അവഗണിക്കുകയാണ്’ എന്ന് പറഞ്ഞ് അവര്‍ കലഹിച്ചു. ഞാന്‍ ആ വിഷയം പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു, ‘ മൊയ്ത്ര പറഞ്ഞു.

അതിനിടയില്‍, കലഹിക്കുന്ന രണ്ട് വിഭാഗങ്ങളിലൊന്ന് പ്രാദേശിക സ്ട്രിംഗറുകളെ സംഭവസ്ഥലത്തേക്ക് വരാനായി വിളിച്ചെന്നും റിപ്പോര്‍ട്ടര്‍മാര്‍ ഫോണില്‍ കലഹം രേഖപ്പെടുത്താന്‍ തുടങ്ങിയെന്നും മഹുമ മൊയ്ത്ര പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവൃത്തി തന്നെ നിരാശപ്പെടുത്തിയെന്നും അവര്‍ക്ക് തന്നോട് എന്തു പ്രശ്‌നവും പറയാന്‍ കഴിയുന്ന അവസരം ഉണ്ടാകുമ്പോള്‍ പാര്‍ട്ടിയുടെ ഒരു ആഭ്യന്തര യോഗത്തിലേക്ക് മാധ്യമങ്ങളെ വിളിക്കേണ്ട ആവശ്യമില്ലായിരുന്നെന്നും അവര്‍ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിലാണ് താന്‍ അവരോട് ‘നിങ്ങള്‍ എന്തിനാണ് ഈ രണ്ട് പൈസാ പ്രസ്സിനെ ഇവിടേക്ക് വിളിക്കുന്നതെന്ന് ചോദിച്ചതെന്നാണ് മഹുവ മൊയ്ത്ര പ്രതികരിച്ചത്. തനിക്കെതിരെ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതിനുമുമ്പ് പ്രസ് ക്ലബ് അവരുടെ അംഗങ്ങളുടെ നിലവാരത്തകര്‍ച്ചയും പണം വാങ്ങി നടത്തുന്ന മാധ്യമങ്ങളുടെ ദയനീയ അവസ്ഥയും പരിശോധിക്കണമെന്നും മഹുവ മൊയ്ത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *