ഭാര്യയുമായി പിണങ്ങിയ ഇറ്റാലിയൻ യുവാവ് ദേഷ്യം തണുപ്പിക്കാൻ നടന്നത് 450 കിലോമീറ്റർ. പൊലീസാണ് ഇയാളെ കണ്ടെത്തി തിരികെ കൊണ്ടുവന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇയാൾക്ക് പിഴ ശിക്ഷയും ലഭിച്ചു. ബോളിവുഡ് നടൻ ടോം ഹാങ്ക്സ് അനശ്വരമാക്കിയ ടോം ഹാങ്ക്സ് എന്ന കഥാപാത്രത്തോട് ബന്ധിപ്പിച്ച് ഇറ്റാലിയൻ ഫോറസ്റ്റ് ഗമ്പ് എന്നാണ് സമൂഹമാധ്യമങ്ങൾ ഇയാളെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. മികച്ച സിനിമ, മികച്ച നടൻ ഉൾപ്പെടെ നിരവധി ഓസ്കർ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സിനിമയാണ് റൊബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത ഫോറസ്റ്റ് ഗമ്പ്.
ഭാര്യയുമായി വഴക്കിട്ട 48കാരനാണ് കിലോമീറ്ററുകളോളം നടന്ന് ദേഷ്യം തീർക്കാൻ ശ്രമിച്ചത്. ഒരു ആഴ്ചയോളം ഇയാൾ നടന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറ്റലിയിലെ കോമോ എന്ന സ്ഥലത്തു നിന്ന് നടന്നു തുടങ്ങിയ ഇയാളെ ഫാനോ എന്ന ചെറു പട്ടണത്തിൽ വെച്ചാണ് പൊലീസ് കണ്ടെത്തുന്നത്. ദിവസേന 60 കിലോമീറ്റർ ശരാശരി ദൂരമാണ് ഇയാൾ താണ്ടിയത്.
തണുത്ത രാത്രിയിൽ ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുന്നത് കണ്ട ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കൊവിഡിനെ തുടർന്ന് സ്ഥലത്ത് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഐഡി പരിശോനയിൽ ഇയാളുടെ ഭാര്യ കാണ്മാനില്ലെന്ന് പരാതി നൽകിയിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഭാര്യയുമായി പൊലീസ് ബന്ധപ്പെടുകയും ഭാര്യ വന്ന് ഇയാളെ കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
താൻ നടന്നാണ് ഇവിടെ വരെ എത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഗതാഗത സംവിധാനങ്ങളൊന്നും ഉപയോഗിച്ചില്ല. വഴിയിൽ വെച്ച് കണ്ട ചിലർ ഭക്ഷണവും വെള്ളവും നൽകി. ഇപ്പോൾ അല്പം ക്ഷീണിതനാണെന്നും ഇയാൾ പൊലീസിനോട് വിശദീകരിച്ചു.