Breaking News

മലപ്പുറത്തും കണ്ണൂരിലും സിപിഎം-ബിജെപി ധാരണയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മലപ്പുറത്തും കണ്ണൂരിലും സിപിഎം-ബിജെപി ധാരണയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത് മറക്കാനാണ് കോൺഗ്രസ്‌-ബിജെപി ധാരണയെന്ന ആരോപണം സിപിഎം ഉന്നയിക്കുന്നതെന്നും സമാന്തര സർക്കാറായി പ്രവർത്തിക്കുന്ന ഒരു സൊസൈറ്റിയുടെ ഭാരവാഹികൾ ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

നേരത്തെ തിരുവനന്തപുരം കോർപ്പറേഷനിൽ 20ലധികം വാർഡുകളിൽ യു.ഡി.എഫ് -ബി.ജെ.പി ധാരണയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. കഴക്കൂട്ടത്തുള്ള വാർഡുകളിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ നേരിട്ടാണ് യു.ഡി.എഫുമായി അവിശുദ്ധ കൂട്ടുണ്ടാക്കിയത്, ഈ നീക്കങ്ങൾ എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും ആരാകും പ്രതിപക്ഷമെന്ന് പറയാനാകില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ തന്നെയായിരുന്നു തിരുവനന്തപുരത്തെ പോളിങ്. 69.76 ശതമാനം പോളിങ്ങാണ് തലസ്ഥാനത്ത്​ രേഖപ്പെടുത്തിയത്​.

അതേസമയം തദ്ദേശതെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. 5 ജില്ലകളിലാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിന്‍റേതാണ്.

Leave a Reply

Your email address will not be published. Required fields are marked *