Breaking News

അമിത്ഷായുമായുള്ള കൂടിക്കാഴ്ച പരാജയം; വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നുറച്ച് കേന്ദ്രം, ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക നേതാക്കള്‍

കേന്ദ്ര സർക്കാരുമായി ഇന്ന് നടക്കുന്ന ആറാം വട്ട ചർച്ചയിൽ നിന്ന് കർഷക സംഘടനകൾ പിൻമാറി. കർഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതികൾ എഴുതി നൽകാമെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കർഷക സംഘടന നേതാക്കളുമായുള്ള ചർച്ചയിൽ അറിയിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച വൈകീട്ട് 15-ഓളം കർഷക സംഘടനാ നേതാക്കളാണ് ചർച്ച നടത്തിയത്. തുടർ നീക്കം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ 12 മണിക്ക് യോഗം ചേരും. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗവും വിഷയം ചർച്ച ചെയ്യും. അതേസമയം പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും.

കാർഷിക നിയമങ്ങളിലെ ന്യായീകരണങ്ങൾ കേന്ദ്രം ആവർത്തിച്ചതിനാൽ വിഷയത്തിൽ ഇനി ചർച്ചയ്ക്കില്ലെന്ന് കർഷക സംഘടനാ നേതാക്കൾ അറിയിച്ചു. ഇതോടെ ബുധനാഴ്ചത്തെ ചർച്ചയിൽ നിന്ന് കർഷക സംഘടനകൾ പിന്മാറി. ഇന്ന് സംഘടനകൾ യോഗം ചേരും. നിയമം പിൻവലിക്കുമെന്ന ഉറപ്പില്ലാതെ സമരം തീരില്ലെന്ന് ഹന്നൻ മൊല്ല പ്രതികരിച്ചു.

ചൊവ്വാഴ്ച അമിത് ഷായുടെ വസതിയിലാണ് ആദ്യം ചർച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് വേദി മാറ്റി. കൃഷിമന്ത്രാലയത്തിനു കീഴിലെ പുസ ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് ചർച്ചയുടെ വേദി മാറ്റിയത്. കാർഷിക നിയമം പിൻവലിച്ചുള്ള ഒത്തുതീർപ്പ് ആലോചിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അഞ്ച് ഉറപ്പുകൾ എഴുതി നൽകാമെന്ന് അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ ചർച്ചയിലും ഇതേ നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്ന് പറഞ്ഞ കർഷകർ നിയമം പിൻവലിക്കുമോ ഇല്ലേയെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. ഇത് നടക്കാതെ വന്നതോടെയാണ് നാളത്തെ ചർച്ചയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം.

നേരത്തെ ചർച്ചയുടെ വേദി മാറ്റിയതിൽ പ്രതിഷേധിച്ച് ചർച്ച ബഹിഷ്ക്കരിച്ച കർഷക നേതാവ് റോൾദു സിംഗിനെ പോലീസ് സുരക്ഷയോടെ തിരിച്ചെത്തിച്ചു. ബുധനാഴ്ച രാവിലെ കേന്ദ്രമന്ത്രിസഭാ യോഗം ചേരും. പഞ്ചാബിലും ഹരിയാണയിലും ബന്ദിനെത്തുടർന്ന് ജന ജീവിതം നിശ്ചലമായിരുന്നു.

ബന്ദ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും രാജസ്ഥാനിലെ ജയ്‌പുരിൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പ്രകടനത്തെ പോലീസ് നേരിട്ടതും സംഘർഷമുണ്ടാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എഎപി ആരോപിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡൽഹി പോലീസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *