Breaking News

കര്‍ഷക പ്രക്ഷോഭം; പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. വൈകിട്ട് അഞ്ചിന് പ്രതിപക്ഷ പാർട്ടികളെ പ്രതിനിധികരിച്ച് അഞ്ച് നേതാക്കൾക്കാണ് രാഷ്ട്രപതി ഭവൻ സന്ദർശനാനുമതി നൽകിയിരിക്കുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടി ആർ ബാലു, എൻസിപി നേതാവ് ശരദ് പവാർ തുടങ്ങിയ നേതാക്കളാകും പ്രതിനിധി സംഘത്തിലുണ്ടാകുക. 11 പാർട്ടികളാണ് രാഷ്ട്രപതിയെ കാണാൻ അനുമതി തേടിയത്. എന്നാൽ കോവിഡ് സാഹചര്യം പരിഗണിച്ച് അഞ്ചുപേർക്ക് മാത്രമേ രാഷ്ട്രപതി ഭവൻ അനുമതി നൽകിയുള്ളൂ.

പുതിയ നിയമം ഇന്ത്യൻ കാർഷിക മേഖലയുടെ തകർച്ചയ്ക്ക് വഴിവയ്ക്കുമെന്ന വാദം പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിക്ക് മുൻപാകെ വെക്കും. പുതിയ കാർഷിക നിയമങ്ങൾ ജനാധിപത്യ വിരുദ്ധമായാണ് പാർലമെന്റിൽ പാസാക്കിയതെന്നതടക്കമുള്ള കാര്യങ്ങളാവും നേതാക്കൾ രാഷ്ട്രപതിയെ അറിയിക്കുക. സെപ്റ്റംബറിലാണ് ബില്ലുകൾ പാർലമെന്റ് പാസാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *