കാർഷിക നിയമങ്ങൾക്കെതിരെ ദേശവ്യാപകമായി പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്ന പശ്ചാത്തലത്തിൽ നിയമ വ്യവസ്ഥകളെക്കുറിച്ച് ബോധവത്കരിക്കാനൊരുങ്ങി ബി.ജെ.പി. ഇതിനായി രാജ്യത്താകെ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 700 ജില്ലകളിൽ 100 പത്രസമ്മേളനങ്ങളും 700 കർഷക യോഗങ്ങളും നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. മന്ത്രിമാരുൾപ്പടെ ഇതിൽ പങ്കെടുക്കും. കേന്ദ്രത്തിന്റെ കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്ന പ്രതിപക്ഷത്തിന്റെ വ്യാപക പ്രചാരണത്തെ ഇതിലൂടെ തടയിടാൻ കഴിയും എന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
കർഷക സമരം തുടരുന്നത് കേന്ദ്രത്തെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ചർച്ച നടന്നുവെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. സമരത്തിൽ നിന്ന് പിന്മാറണമെന്ന് കർഷകരോട് ഇന്നും കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമത്തില്‍ ഭേദഗതികൾ വരുത്താമെന്നും എല്ലാ പ്രശ്നങ്ങളും തുറന്ന മനസോടെ പരിഗണിക്കുമെന്നും കേന്ദ്രം അറിയിച്ചെങ്കിലും നിയമങ്ങൾ പൂർണമായും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് കർഷകരുടെ നിലപാട്. എന്നാൽ, കർഷകരുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ കാർഷിക ബില്ലുകൾ ഒരു കാരണവശാലും പിൻവലിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
അതിനിടെ ഇന്ന് കാർഷിക നിയമത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കർഷക സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചു. ഭാരതീയ കിസാൻ യൂണിയനാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നിയമങ്ങൾ കാർഷിക മേഖലയെ തകർക്കുമെന്നും അതിനാൽ വിഷയത്തിൽ ഇടപെടണമെന്നും നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പുതിയ നിയമ പരിഷ്കാരം കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.