Breaking News

വീട്ടുപടിക്കല്‍ എടിഎം സേവനവുമായി ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ്

കൊച്ചി: വീട്ടിലിരുന്ന് കൊണ്ട് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ സഹായിക്കുന്ന മൈക്രോ എടിഎം സേവനവുമായി കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ്. ഇതിനായി കമ്പനി വികസിപ്പിച്ച ഏസ്മണി എന്ന ആപ്പിന്റെ സേവനം ഈ മാസം 13 മുതല്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ കൊച്ചി നഗരത്തില്‍ മാത്രമായിരിക്കും ഏസ്മണിയുടെ സേവനം ലഭ്യമാകുക. 2021 ജനുവരിയോട് കൂടി സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും ആപ്പിന്റെ സേവനം എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഐസിഐസിഐ ബാങ്കുമായി സഹകരിച്ചാണ് ഏസ്‌വെയര്‍ മൈക്രോ എടിഎം സേവനം അവതരിപ്പിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഏസ്മണി ആപ്പിലൂടെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ പണത്തിന് ഓര്‍ഡര്‍ നല്‍കാമെന്ന് ഏസ് വെയര്‍ ഫിന്‍ടെക് സര്‍വീസസ് എംഡി നിമിഷ ജെ. വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓര്‍ഡര്‍ നല്‍കി 30-40 മിനിറ്റിനുള്ളില്‍ വീട്ടിലെത്തുന്ന എക്‌സിക്യുട്ടിവിന്റെ കൈവശമുള്ള സൈ്വപ്പിങ് മെഷീനില്‍ ഏത് ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡായാലും സൈ്വപ്പ് ചെയ്ത് പിന്‍ നമ്പര്‍ എന്റര്‍ ചെയ്ത് പണം എടുക്കാവുന്നതാണ്. ബാങ്കിന്റെ എടിഎമ്മിലേക്ക് പോകാന്‍ ബുദ്ധിമുട്ടുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും രോഗികള്‍ക്കും സേവനം ഏറെ പ്രയോജനപ്പെടുമെന്നും നിമിഷ പറഞ്ഞു.

ഒരു തവണ പരമാവധി 10,000 രൂപയാണ് ഈ സേവനത്തിലൂടെ പിന്‍വലിക്കാനാകുക. എന്നാല്‍ പ്രതിദിനം അതാത് ബാങ്കുകള്‍ നിശ്ചയിച്ചിട്ടുള്ള പരമാവധി തുക പിന്‍വലിക്കാനാകും. എടിഎം സേവനത്തിന് പുറമേ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍, ബില്‍ അടയ്ക്കാന്‍, റീചാര്‍ജ്, ഫാസ്ടാഗ്, കെട്ടിട, ഭൂനികുതികള്‍ അടയ്ക്കാന്‍, ബസ്, ഫ്‌ളൈറ്റ്, സിനിമ ടിക്കറ്റ് ബുക്കിങ്, ആരോഗ്യ, വാഹന, യാത്ര ഇന്‍ഷൂറന്‍സുകള്‍, ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ തുടങ്ങി 100-ലേറെ മറ്റ് സേവനങ്ങളും ആപ്പിലൂടെ ലഭ്യമാകും. ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ് സിഇഒ ജിമ്മിന്‍ ജെയിംസ് കുറിച്ചിയില്‍, ജനറല്‍ മാനേജര്‍ സെബാസ്റ്റിയന്‍ സേവിയര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *