പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ സമരം ശക്തമാക്കിയ സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാരുമായി തിരക്കിട്ട ചർച്ച നടത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറുമായും സോം പ്രകാശുമായും സ്വവസതിയിൽ വച്ചാണ് അമിത് ഷാ ചർച്ച നടത്തിയത്.
അതേസമയം ആയിരക്കണക്കിന് ട്രാക്ടറുകളുമായി ജയ്പൂർ-ഡൽഹി ഹൈവേ കർഷകർ ഉപരോധിച്ചിരുന്നു. രാജസ്ഥാനിൽ നിന്നുള്ള കർഷകർ ഡൽഹിയെ ലക്ഷ്യമാക്കി നടത്തിയ മാർച്ച് സർവസന്നാഹവുമൊരുക്കിയാണ് പൊലീസ് തടയാൻ ശ്രമിച്ചത്. രാജസ്ഥാൻ-ഹരിയാന അതിർത്തി മേഖല പൂർണമായും ബാരിക്കേഡുകൾ നിരത്തി അടക്കുകയായിരുന്നു. പൊലീസിനൊപ്പം സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
നൂറുകണക്കിന് കർഷകരാണ് ട്രാക്ടർ റാലിയിൽ അണിനിരന്നത്. റോഡ് ഉപരോധിച്ച കർഷകർ പിൻമാറിയതോടെ മൂന്ന് മണിക്കൂറുകൾക്ക് ശേഷം ഡൽഹി-നോയിഡ അതിർത്തിയിലെ ഛില്ലയിൽ ഗതാഗതം പഴയപടിയായി. ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഷാജഹാൻപൂരിൽ നിന്ന് തുടങ്ങിയ മാർച്ചിൽ ആയിരത്തോളം ആളുകൾ അണിനിരന്നു. സ്വരാജ് ഇന്ത്യ തലവൻ യോഗേന്ദ്ര യാദവാണ് മാർച്ച് നയിച്ചത്.
പഞ്ചാബിൽ നിന്നും 1500 ട്രാക്ടറുകളിലായി കർഷകർ ഡൽഹിക്ക് പുറപ്പെട്ടിട്ടുണ്ട്. നാളെ കർഷക യൂണിയൻ നേതാക്കൾ നിരാഹാര സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേ സമയം കാർഷിക നിയമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വീണ്ടും ന്യായീകരിച്ചിരുന്നു. പരിഷ്കാര നടപടികളിലൂടെ വരുന്ന നിക്ഷേപങ്ങളുടെ മെച്ചം കർഷകർക്കായിരിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.