തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് മരിച്ചു. തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വച്ചാണ് സംഭവം. കാരയ്ക്കാമണ്ഡപം സിഗ്‌നലിന് സമീപത്ത് വച്ച് പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഇത് വരെ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു സ്വരാജ് മസ്ദ വാഹനമാണെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ സൂചന. പൊലീസ് വാഹനം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. വാഹനാപകടത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.
ജയ്ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഇപ്പോള്‍ ചില ഓണ്‍ലൈന്‍ ചാനലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് വരികയായിരുന്നു. തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശിയാണ്.
മംഗളം ഹണിട്രാപ് കേസിൽ പ്രതിചേർത്ത പ്രദീപിനെ പിണറായി സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് താൻ ഈ കേസിൽ ഒരുവിധത്തിലും ഉൾപ്പെട്ടിട്ടില്ല എന്നും പിണറായി സർക്കാർ മന്ത്രിസഭയിലെ കൂടുതൽ മന്ത്രിമാർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതേസമയം അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പത്രപ്രവർത്തകർ ആരോപിക്കുന്നത്. പ്രദീപിന്റെ മരണത്തിൽ കേരള റിപ്പോർട്ടേഴ്‌സ് & മീഡിയ പേഴ്സൻസ് യൂണിയനും കേരളാ പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.