തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മുന്‍ ഡയറക്ടര്‍ ഡോ. ആശാ കിഷോറിന്റെ വിരമിക്കല്‍ തീരുമാനത്തെ അപലപിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍. ഡയറക്ടര്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് ആശാ കിഷോര്‍ കാഴ്ച വച്ചത്. ആശ കിഷോറിന്റെ വിരമിക്കല്‍ തീരുമാനം രാജ്യത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ശശി തരൂര്‍ പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തില്‍ ചെറിയ സ്വകാര്യ ലാഭങ്ങള്‍ക്ക് വില നല്‍കി രാജ്യത്തെ ശാസ്ത്ര പുരോഗതിയുടെ നായകരെ താഴ്ത്തിക്കെട്ടുന്ന അവസ്ഥ തുടര്‍ന്നാല്‍ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിക്കാണ് തുരങ്കം വയ്ക്കുന്നത്. തീരെ ബഹുമാനമില്ലാതെ മികച്ച ഗവേഷകരോട് പെരുമാറിയാല്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ എങ്ങനെയാണ് യാഥാര്‍ത്ഥ്യമാകുകയെന്നും ചോദ്യം. ഇത് സംഭവിക്കാന്‍ കാരണമായവര്‍ സ്വയം നാണക്കേടാണ് സൃഷ്ടിച്ചതെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനത്തെ മറികടന്നാണ് ആശാ കിഷോറിന് സ്വയം വിരമിക്കേണ്ടി വന്നതെന്നും തരൂര്‍ കുറിച്ചു.
This says it all. Shame on those who made this happen, overruling a unanimous decision of the Institute Body. #SCTIMST pic.twitter.com/wVp6Xt5ryH
— Shashi Tharoor (@ShashiTharoor) December 13, 2020
വലിയ പുരോഗതിയാണ് സ്ഥാപനത്തിന് ആശാ കിഷോറിന്റെ നേതൃത്വത്തിന് കീഴിലുണ്ടായത്. നിരവധി പുരസ്‌കാരങ്ങളും സ്ഥാപനം നേടി. പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ ഗവേഷണത്തിലും വലിയ സംഭാവനകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. മറ്റ് ആരോഗ്യ വിഷയങ്ങളിലും കൂടുതല്‍ ഉയര്‍ച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന് നേടാനായി. കൂടാതെ കൂടുതല്‍ പദ്ധതികളും കെട്ടിടസമുച്ചയങ്ങളും യാഥാര്‍ത്ഥ്യമായി. താന്‍ പഠിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിനായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നാണ് വിരമിക്കുന്നതിനായുള്ള കത്തില്‍ ഡോ. ആശാ കിഷോര്‍ കുറിച്ചത്. 28 വര്‍ഷം ആശാ കിഷോര്‍ സ്ഥാപനത്തിനായി പ്രവര്‍ത്തിച്ചു.
ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ നടപടിക്കെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ആശാ കിഷോറിന് വിരമിക്കേണ്ടി വന്നത്. 2020 ജൂലായ് 14ന് ആശാ കിഷോര്‍ ഡയറക്ടര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി 2025 വരെ കാലാവധി നീട്ടി നല്‍കി. ഇതു കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍ ഇതിന് കാബിനറ്റ് കമ്മിറ്റിയുടെ അനുമതിയില്ലന്ന് കാട്ടി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചിലര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. കാലാവധി നീട്ടിയ നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കി. ഇതിനെതിരെ ആശാ കിഷോര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്നാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. ഇനി നിയമപോരാട്ടത്തിനില്ലെന്നും വിരമിക്കാനാണ് തീരുമാനമെന്നും ഡോ.ആശാ കിഷോര്‍ പറഞ്ഞിരുന്നു.