എറണാകുളത്ത് ഫ്ലാറ്റിൽ നിന്നും വീണ് വീട്ടു ജോലിക്കാരി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ നേതാവും രാജ്യസഭ അംഗവുമായ ബിനോയ് വിശ്വം. എഫ്.ഐ.ആരിൽ ഫ്ലാറ്റ് ഉടമയുടെ പേര് രേഖപ്പെടുത്താത്തത് കണ്ടപ്പോൾ അത്ഭുതം തോന്നി എന്നും നാട്ടിൽ എല്ലാവരും വായിച്ചറിഞ്ഞ ആ പേര് പൊലീസ് മാത്രം അറിഞ്ഞില്ലേ എന്നും ബിനോയ് വിശ്വം ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ഭരണഘടനാപ്രമാണങ്ങൾ പ്രകാരമുള്ള എൽ.ഡി.എഫ് സർക്കാർ നയം നടപ്പിലാക്കലാണ് പൊലീസിൻ്റെ ചുമതല. അജ്ഞാതൻ എന്ന മാളമുണ്ടാക്കി കുറ്റവാളികളെ ഒളിപ്പിക്കുന്ന ഏജൻസിയായി പൊലീസിലെ ചിലരെങ്കിലും മാറുന്നത് അനുവദിക്കരുത് . വേലയെടുത്ത് ജീവിക്കാൻ ഇവിടെയെത്തുന്നവർക്കെല്ലാം സുരക്ഷിതബോധം നൽകുംവിധം സർക്കാർ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബിനോയ് വിശ്വത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
എറണാകുളം ഫ്ലാറ്റ് ദുരന്തത്തിൻ്റെ FIR സോഷ്യൽ മീഡിയയിൽ ഇപ്പോൾ കണ്ടു. ഫ്ലാറ്റ് ഉടമയുടെ പേര് unknown എന്ന് കണ്ടപ്പോൾ അത്ഭുതം തോന്നി. നാട്ടിൽ എല്ലാവരും വായിച്ചറിഞ്ഞ ആ പേരു് പൊലീസ് മാത്രം അറിഞ്ഞില്ലേ?
നാടും വീടും വിട്ട് പണിയെടുത്ത് ജീവിക്കാൻ ഇവിടെയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുകയാണ് LDF സർക്കാർ നയം. അത് പൊലീസിലെ കുറേ പേർക്ക് അറിയില്ല. 10,000 രൂപക്ക് വേണ്ടി ബന്ദിയാക്കപ്പെട്ട ഒരു പാവം സ്ത്രീയുടെ പിടച്ചിലിൻ്റെ കഥയും ആ FIR പറയുന്നു. ആ പണം ഭർത്താവ് അയച്ചു കൊടുത്തെങ്കിലും ‘unknown’ ആയ ഫ്ളാറ്റ് ഉടമ ആ തൊഴിലാളിയെ വീട്ടിൽ പോകാൻ സമ്മതിച്ചില്ല. ഇതും FIR വായിച്ച് മനസ്സിലാക്കിയതാണ്.
ഇത്തരം കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് മുമ്പിൽ പൊലീസ് ഒട്ടകപ്പക്ഷിയാകരുത്. ഭരണഘടനാപ്രമാണങ്ങൾ പ്രകാരമുള്ള LDF സർക്കാർ നയം നടപ്പിലാക്കലാണ് പൊലീസിൻ്റെ ചുമതല. unknown എന്ന മാളമുണ്ടാക്കി കുറ്റവാളികളെ ഒളിപ്പിക്കുന്ന ഏജൻസിയായി പൊലീസിലെ ചിലരെങ്കിലും മാറുന്നത് അനുവദിക്കരുത് . വേലയെടുത്ത് ജീവിക്കാൻ ഇവിടെയെത്തുന്നവർക്കെല്ലാം സുരക്ഷിതബോധം നൽകുംവിധം സർക്കാർ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.