Breaking News

പ്രണബ് മുഖർജിയുടെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് മകൻ, അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കരുതെന്ന് മകൾ

പ്രണബ് മുഖർജിയുടെ ‘പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന പുസ്തകത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസ് നേതാക്കളായ അദ്ദേഹത്തിന്റെ മകൻ അഭിജിത് മുഖർജിയും മകൾ ശർമിഷ്ഠ മുഖർജിയും തമ്മിൽ പരസ്യമായ വാക്കേറ്റത്തിന് കാരണമായിരിക്കുകയാണ്.

പ്രണബ് മുഖർജിയുടെ ഓർമക്കുറിപ്പുകൾ പരിശോധിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും തന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്നും പ്രസാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് അഭിജിത് മുഖർജി.

അതേസമയം അഭിജിത് മുഖർജി വിലകുറഞ്ഞ പ്രസിദ്ധി തേടുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരി ശർമിഷ്ഠ മുഖർജി ആരോപിച്ചു. പിതാവിന്റെ പുസ്തകം പുറത്തിറങ്ങുന്നതിൽ “അനാവശ്യ തടസ്സങ്ങൾ” സൃഷ്ടിക്കരുതെന്നും അവർ പറഞ്ഞു.

കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തുപോയതിന് കാരണം സോണിയ ഗാന്ധിയും മൻമോഹൻ സിംഗുമാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പുസ്തകത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഇക്കാര്യങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അഭിജിത് മുഖർജിയുടെ അഭ്യർത്ഥന.

തന്റെ സമ്മതമില്ലാതെ പുസ്തകത്തിലെ ചില ഭാഗങ്ങൾ മറ്റ് ഉദ്ദേശ്യങ്ങളോടെ ചില മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് മുൻ കോൺഗ്രസ് എം.പിയായ അഭിജിത് മുഖർജി ട്വീറ്റ് ചെയ്തു.

“എന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ പുസ്തകവും, മാധ്യമങ്ങളിൽ മറ്റ് ഉദ്ദേശ്യങ്ങളോടെ പ്രചരിക്കുന്ന അതിലെ ചില ഭാഗങ്ങളും പ്രസിദ്ധീകരിക്കുന്നത് നിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. എന്ന് ‘പ്രസിഡൻഷ്യൽ മെമ്വാർസ്’ എന്ന ഓർമ്മക്കുറിപ്പിന്റെ രചയിതാവിന്റെ മകൻ,” അഭിജിത് മുഖർജി പോസ്റ്റ് ചെയ്തു.

“എന്റെ പിതാവ് ജീവിച്ചിരിപ്പില്ലാത്തതിനാൽ, അദ്ദേഹത്തിന്റെ മകനെന്ന നിലയിൽ, പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് മുമ്പായി പുസ്തകത്തിന്റെ അന്തിമ പകർപ്പിലൂടെ കടന്നുപോകാൻ ഞാൻ ആഗ്രഹിക്കുന്നു, എന്റെ പിതാവ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ, അദ്ദേഹവും അത് തന്നെ ചെയ്യുമായിരുന്നു. ഇക്കാര്യത്തിൽ വിശദമായ ഒരു കത്ത് ഞാൻ ഇതിനകം നിങ്ങൾക്ക് അയച്ചിട്ടുണ്ട്, അത് ഉടൻ നിങ്ങളിലേക്ക് എത്തും,” അഭിജിത് മുഖർജി എഴുതി.

രണ്ടുമണിക്കൂറിനുശേഷം, ശർമിഷ്ഠ മുഖർജി സഹോദരനെ വിമർശിച്ച് രംഗത്തെത്തി കൂടാതെ സഹോദരൻ തന്റെ ട്വീറ്റിൽ വരുത്തിയ ഒരു പിശകിനെയും അവർ ചൂണ്ടിക്കാണിച്ചു .

“ദി പ്രസിഡൻഷ്യൽ ഇയേഴ്സ്” എന്ന ഓർമ്മക്കുറിപ്പിന്റെ രചയിതാവിന്റെ മകളായ ഞാൻ, ഞങ്ങളുടെ പിതാവ് എഴുതിയ അവസാന പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ അനാവശ്യമായ തടസ്സങ്ങളൊന്നും സൃഷ്ടിക്കരുതെന്ന് എന്റെ സഹോദരനോട് അഭ്യർത്ഥിക്കുന്നു. അസുഖം വരുന്നതിനുമുമ്പ് തന്നെ അദ്ദേഹം കൈയെഴുത്തുപ്രതി പൂർത്തിയാക്കിയിരുന്നു,” ശർമിഷ്ഠ മുഖർജി ട്വീറ്റ് ചെയ്തു.

“അവസാന ഡ്രാഫ്റ്റിൽ എന്റെ അച്ഛന്റെ കൈപ്പടയിലുള്ള കുറിപ്പുകളും കർശനമായി പാലിച്ചിരിക്കുന്ന അഭിപ്രായങ്ങളും അടങ്ങിയിരിക്കുന്നു. അദ്ദേഹം പ്രകടിപ്പിച്ച വീക്ഷണങ്ങൾ അദ്ദേഹത്തിന്റേത് മാത്രമാണ്, വിലകുറഞ്ഞ പ്രസിദ്ധിക്കായി പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാൻ ആരും ശ്രമിക്കരുത്. അത് വിടപറഞ്ഞ നമ്മുടെ പിതാവിനെ അപമാനിക്കുന്നത് പോലെയാണ്, പിന്നെ സഹോദരാ, പുസ്തകത്തിന്റെ തലക്കെട്ട് ‘പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്നാണ്, ‘പ്രസിഡൻഷ്യൽ മെമ്വാർസ്’ എന്നല്ല.” ശർമിഷ്ഠ പറഞ്ഞു.

2004 ൽ മൻ‌മോഹൻ സിംഗിന് പകരം താൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ പാർട്ടിക്ക് അധികാരം നഷ്ടമാകുമായിരുന്നില്ലെന്ന് “കോൺഗ്രസിലെ ചില അംഗങ്ങൾ” വിശ്വസിച്ചിരുന്നതായി ‘പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന പുസ്തകത്തിന്റെ അവസാന വാല്യത്തിൽ പ്രണബ് മുഖർജി എഴുതിയിട്ടുണ്ട്. ഓഗസ്റ്റിലാണ് പ്രണബ് മുഖർജി അന്തരിച്ചത്.

താൻ ഒപ്പം പ്രവർത്തിച്ച രണ്ട് പ്രധാനമന്ത്രിമാരായ മൻ‌മോഹൻ സിംഗിനെയും അദ്ദേഹത്തിന്റെ പിൻഗാമിയായ നരേന്ദ്ര മോദിയെയും പ്രണബ് മുഖർജി പുസ്തകത്തിൽ താരതമ്യം ചെയ്യുന്നുണ്ട്.

“ഭരിക്കാനുള്ള ധാർമ്മിക അധികാരം പ്രധാനമന്ത്രിയുടേതാണെന്ന് ഞാൻ വിശ്വസിക്കുന്നു. രാജ്യത്തിന്റെ മൊത്തത്തിലുള്ള അവസ്ഥ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഭരണത്തിന്റെയും പ്രതിഫലനമാണ്. സഖ്യത്തെ രക്ഷിക്കുന്നതിൽ ഡോ. മൻമോഹൻ സിംഗ് ശ്രദ്ധാലുവായിരുന്നു, അത് ഭരണത്തെ ബാധിച്ചു. മോദി തന്റെ ആദ്യ കാലയളവിൽ സ്വേച്ഛാധിപത്യപരമായ ഒരു ഭരണരീതി ഉപയോഗിച്ചതായി തോന്നുന്നു. സർക്കാരും നിയമസഭയും ജുഡീഷ്യറിയും തമ്മിലുള്ള കയ്പേറിയ ബന്ധം ഭരണത്തിൽ കാഴ്ചപ്പെട്ടു. ഈ സർക്കാരിന്റെ രണ്ടാം ഊഴത്തിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ ധാരണയുണ്ടായിട്ടുണ്ടോ എന്ന് കാലം പറയും,” പ്രണബ് മുഖർജി എഴുതി.

Leave a Reply

Your email address will not be published. Required fields are marked *