Breaking News

സംസ്ഥാനത്ത് ഇടത് തരംഗം; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം, ബ്ലോക്ക് പഞ്ചായത്തില്‍ അടിതെറ്റി യുഡിഎഫ്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ച് ഇടതുപക്ഷം.എല്‍ഡിഎഫിന്‍റെ ലീഡ് അമ്പത് കടന്നു. എന്‍ഡിഎ 30 സീറ്റുകളും 9 സീറ്റുകള്‍ കോണ്‍ഗ്രസും നേടി.

നിലവിലെ മേയറും ഇടതുമുന്നണിയുടെ രണ്ട് മേയര്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടെങ്കിലും കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താനായത് എല്‍ഡിഎഫിന് മികച്ച നേട്ടമാണ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അഞ്ചാം മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ കനത്ത മുന്നേറ്റം. സമീപകാല ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ മുന്നേറ്റം എന്നതാണ് ഇതിനെ സവിശേഷമാക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. മുനിസിപ്പാലിറ്റികളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു മുന്നണികളും നടത്തുന്നത്.

941 ഗ്രാമപഞ്ചായത്തുകളില്‍ 504 എണ്ണത്തിലും എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. യുഡിഎഫിന് 377, എന്‍ഡിഎ, 24, മറ്റുള്ളവര്‍ 29 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍. ബ്ലോക്ക് പഞ്ചായത്തില്‍ 152ല്‍ എല്‍ഡിഎഫ് 108 ഇടത്തും യുഡിഎഫ് 43 ഇടത്തും ലീഡ് ചെയ്യുന്നു. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ 10 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ നാലിടത്ത് മാത്രമാണ് യുഡിഎഫിന് ലീഡ് ചെയ്യാനാവുന്നത്.

മുനിസിപ്പാലിറ്റികളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ആകെയുള്ള 86 എണ്ണത്തില്‍ 42 ഇടത്ത് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. 38 ഇടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *