കിഴക്കമ്പലം ഉള്‍പ്പെടെ നാലു പഞ്ചായത്തുകളില്‍ ട്വന്റി ട്വന്റി തരംഗം. കിഴക്കമ്പലത്തെ 19ല്‍ 18 വാര്‍ഡില്‍ ജയിച്ച ട്വന്റി ട്വന്റി, ഐക്കരനാട് പഞ്ചായത്ത് തൂത്തുവാരി. മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളിലും ജനകീയ കൂട്ടായ്മ വന്‍ വിജയം നേടി ഭരണത്തിലെത്തി. രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളും 10 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും സ്വന്തമാക്കിയതും ട്വന്റി ട്വന്റിയുടെ വിജയത്തിന്റെ മാറ്റുകൂട്ടി.
2015ല്‍ കിഴക്കമ്പലത്ത് ചരിത്രമെഴുതിയ ട്വന്റി ട്വന്റി ഇത്തവണ നാലു പഞ്ചായത്തുകളില്‍ ഭരണം നേടി.
ആദ്യമായി മത്സരിച്ച ഐക്കരനാട് പഞ്ചായത്തില്‍ പ്രതിപക്ഷം പോലുമില്ലാതെ ട്വന്റി ട്വന്റി മുഴുവന്‍ സീറ്റുകളും തൂത്തുവാരി. കിഴക്കമ്പലത്ത് കഴിഞ്ഞ തവണ 19ല്‍ 17 ഇടത്തും വിജയിച്ച ട്വന്റി ട്വന്റി, ഇത്തവണ ഒരു സീറ്റു അധികം നേടിയാണ് ഭരണം നിലനിര്‍ത്തിയത്.
വോട്ടെടുപ്പു ദിനത്തില്‍ സംഘര്‍ഷമുണ്ടായ കിഴക്കമ്പലം ഏഴാം വാര്‍ഡില്‍ യുഡിഎഫ്-എല്‍ഡിഎഫ് സംയുക്ത സ്ഥാനാര്‍ത്ഥിയെ 200ല്‍ അധികം വോട്ടുകള്‍ക്കാണ് ട്വന്റി ട്വന്റി മലര്‍ത്തിയടിച്ചത്. ഐക്കരനാടിനു പുറമെ ട്വന്റി ട്വന്റി ആദ്യമായി മത്സരരംഗത്തെത്തിയ മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളിലും വെന്നിക്കൊടി പാറിച്ചു. മഴുവന്നൂരില്‍ 19ല്‍ 14ഉം കുന്നത്തുനാട് പഞ്ചായത്തില്‍ 19ല്‍ 11 വാര്‍ഡുകളും നേടിയാണ് ട്വന്റി ട്വന്റി ഭരണം പിടിച്ചത്. ഇതിന് പുറമെ മല്‍സരിച്ച വെങ്ങോല പഞ്ചായത്തില്‍ ട്വന്റി ട്വന്റി നിര്‍ണായക ശക്തിയായി. ആകെയുള്ള 23ല്‍ 11 സീറ്റില്‍ മത്സരിച്ച ജനകീയ കൂട്ടായ്മ ഏഴിടത്ത് ജയിച്ചു. ഭരണം പിടിച്ച പഞ്ചായത്തുകളില്‍ കിഴക്കമ്പലം മാതൃകയില്‍ വികസനം നടപ്പാക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു.
ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലും ട്വന്റിട്വന്റി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. കോലഞ്ചേരി, വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ട്വന്റി ട്വന്റിക്കാണ് ജയം. വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ ഏഴിടത്ത് മത്സരിച്ച ട്വന്റി ട്വന്റി ആറിടത്ത് വിജയിച്ചു. 13 ഡിവിഷനുകളുള്ള ബ്ലോക്കില്‍ ട്വന്റി ട്വന്റിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. വാഴക്കുളം ബ്ലോക്കില്‍ നാലിടത്തും ജയിച്ചു.