Breaking News

കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം നൈജീരിയയിൽ കണ്ടെത്തി; ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് മൂന്നാമത്തേത്, അതീവ ജഗ്രത

കൊറോണ വൈറസ് വകഭേദം നൈജീരിയയിലും കണ്ടെത്തി. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതിൽ നിന്നു വ്യത്യസ്തമായാണ് കൊറോണ വൈറസ് വകഭേദം നൈജീരിയയിൽ കണ്ടെത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാമത്തെ വകഭേദമാണ് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.

ആഫ്രീക്ക ഡിസീസ് കൺട്രോൾ ബോഡിയാണ് പുതിയ വകഭേദം കണ്ടെത്തിയതായി അറിയിക്കുന്നത്. കൂടുതൽ പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യമുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ആഫ്രീക്കയിലെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് നൈജീരിയ. എന്നാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവ് കോവിഡ് കേസുകളാണ് നൈജീരിയയിൽ റിപ്പോർട്ട് ചെയ്തത്.

അതേസമയം യു​.കെയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ പടർന്നുപിടിച്ചതോടെ ഇന്ത്യയിലും ജാഗ്രത ശക്തമാക്കി. നവംബർ 25 മുതൽ ഡിസംബർ 23 വരെ യു.കെയിൽനിന്ന്​ ഇന്ത്യയിലെത്തിയവരെ കർശന നിരീക്ഷണത്തിന്​ വിധേയമാക്കും. ഡിസംബർ 31 വരെ യു.കെയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്​. വിവിധ സംസ്​ഥാനങ്ങളിലായി ആറായിരത്തോളം പേരാണ്​ നിരീക്ഷണത്തിലുള്ളത്​. യുപിയിലും ഡൽഹിയിലും ഇതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ബ്രിട്ടനിൽനിന്ന് എത്തുന്നവർക്ക് മേഘാലയ പ്രവേശനം വിലക്കിയിരിക്കുകയാണ്.

യു​.കെയിൽനിന്ന്​ കേരളത്തിലെത്തിയ എട്ടു​പേർക്ക്​ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. ഡിസംബർ ഒമ്പതുമുതൽ 23 വരെ 1609 പേരാണ്​ കേരളത്തിലെ വിമാനത്താവളങ്ങളിലെത്തിയത്​. യു.കെയിൽ നിന്നെത്തിയ 2116 പേരാണ്​ നിലവിൽ കേരളത്തിൽ നിരീക്ഷണത്തിലുള്ളത്​. ഇതിൽ 1609 ​പേരെയും ആർ.ടി.പി.സി.ആർ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. കൂടാതെ 14 ദിവസത്തെ നിരീക്ഷണവും നിർദേശിച്ചു. ഇവരെ നിരീക്ഷണ കാലയളവിന്​ ശേഷവും ആർ.ടി.പി.സി.ആർ പരിശാധനക്ക്​ വിധേയമാക്കും.

കഴിഞ്ഞ 3 ദിവസത്തിനിടെ 1700 പേരാണ് ബ്രിട്ടനിൽ നിന്ന് മുംബൈയിലെത്തിയത്. ഗോവയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മടങ്ങിയെത്തിയ 602 പേരെ തിരിച്ചറിഞ്ഞു. യുകെയിൽ നിന്നെത്തിയ 26 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ പുതിയ വൈറസ് വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *