Breaking News

ഗ്രൂപ്പ് പോരിന്റെ മാതൃകയാണ് ഒ.രാജഗോപാലിന്റെ നിലപാട്: എഎ റഹീം

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ നിലപാട് കേരളത്തിലെ ബിജെപി അകപ്പെട്ടിട്ടുള്ള കടുത്ത ഗ്രൂപ്പ് പോരിന്റെ മാതൃകയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഒരു കയ്യബദ്ധം പറ്റിയതാണെന്ന് പറയാന്‍ കഴിയില്ല, രാഷ്ട്രീയ കൗതുകം ഉള്ള നിലപാടാണെന്നും റഹീം പറഞ്ഞു. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റിലായിരുന്നു റഹീമിന്റെ പ്രതികരണം.

കേരളത്തില്‍ ബിജെപി ശിഥിലമായി കഴിഞ്ഞു. ഏറ്റവും ഗ്രൂപ്പ് പോരും ഉള്‍പ്പോരും ഉള്ള പാര്‍ട്ടിയായി മാറി കഴിഞ്ഞു. കൈയ്യബന്ധം പറ്റിയതാണെന്ന് പറയാന്‍ വയ്യ. എന്നാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇത്തരമൊരു നിലപാടല്ല എടുക്കേണ്ടിയിരുന്നതല്ല.’ എഎ റഹീം പ്രതികരിച്ചു. ‘കേരളത്തിലെ ബിജെപി അകപ്പെട്ടിട്ടുള്ള കടുത്ത ഗ്രൂപ്പ് പോരിന്റെ മാതൃകയായി ഇതിനെ കാണാം. ആര്‍എസ്എസ് തലവന്‍ കേരളത്തില്‍ ഉള്ള സമയത്താണ് ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയത്തില്‍ ബിജെപിയുടെ പൊതുനയത്തിന് വിരുദ്ധമായി ജനപക്ഷത്ത് നിന്നും തീരുമാനമെടുത്തത്. ആര്‍എസ്എസിനെതിരായി ബിജെപിയുടെ ഏറ്റവും സമുന്നതനായ നേതാവ് അത്തരമൊരു സമീപനമെടുക്കുന്നതിനെ ഒരു രാഷ്ട്രീയ കൗതുകമായിട്ടാണ് കാണുന്നത്.

എന്നാൽ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനമായതിനാല്‍ തന്നെ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് ആലോചിക്കാന്‍ സമയമുണ്ടായിരുന്നുവെന്നും റഹീം പറഞ്ഞു. ഇന്ന് പ്രത്യേകം നിയമസഭാ സമ്മേളനം ചേര്‍ന്നായിരുന്നു കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയത്. രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചെങ്കിലും വോട്ടെടുപ്പില്‍ എതിര്‍ത്തിരുന്നില്ല.

പൊതുജന അഭിപ്രായം മാനിച്ചാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്ന് നിയമസഭയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രാജഗോപാല്‍ പറഞ്ഞത്. കേരളത്തിന് ഒരൊറ്റ അഭിപ്രായമാണെന്ന് പുറത്തുവരട്ടെ. ഉന്നത ജനാധിപത്യ സ്പിരിറ്റ് വെച്ചാണ് ഞാന്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത്. നമുക്കിടയില്‍ ഇക്കാര്യത്തില്‍ എതിരഭിപ്രായങ്ങളുണ്ടെന്ന് പുറത്തറിയേണ്ടതില്ലല്ലോയെന്നുമായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *