Breaking News

ശ്രീധരനും പി.ടി ഉഷയ്ക്കും പിന്നാലെ മോഹൻലാലും വിനീതും? അഴിമതി വിമുക്ത കേരളത്തിനായി കളത്തിലിറങ്ങി ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. ഇതിൻ്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന ‘വിജയയാത്ര’ ഞായറാഴ്ച കാസർഗോഡ് തുടങ്ങും. വിജയയാത്ര വിജയമാക്കാൻ പ്രമുഖർ കളത്തിലിറങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ വിജയയാത്രയിൽ പങ്കാളികളാകും.

വിജയയാത്രയ്ക്ക് മുന്നോടിയായി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ വാർത്താ സമ്മേളനത്തിൽ അറിയിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ചർച്ചയ്ക്ക് തിരിതെളിച്ചിരിക്കുകയാണ്. സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖർ ഉടൻ ബി.ജെ.പിയിൽ അംഗത്വമെടുക്കുമെന്ന പ്രഖ്യാപനമാണ് ജോർജ്ജ് കുര്യൻ നടത്തിയത്. ഇതോടെ ആരൊക്കെയാകും ആ പ്രമുഖരെന്ന ആകാംഷയിലാണ് പ്രവർത്തകർ.

മെട്രോമാൻ ഇ. ശ്രീധരൻ, കായികതാരം പി.ടി. ഉഷ എന്നിവർ ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഈ ലിസ്റ്റിലെ അടുത്ത വ്യക്തികൾ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. നടൻമാരായ മോഹൻലാൽ, വിനീത്, നടി മഞ്ജുവാര്യർ, ഊർമ്മിള ഉണ്ണി തുടങ്ങിയവർ വിജയയാത്രയിൽ പങ്കെടുക്കുമെന്നും അംഗത്വമെടുക്കുമെന്നുമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. കൂടാതെ, യു.ഡി.എഫ്- എൽ.ഡി.എഫ് മുന്നണികളിലെ പ്രവർത്തകർ കാവിക്കൊടി പിടിക്കുമെന്നാണ് കെ. സുരേന്ദ്രനുൾപ്പെടെയുള്ള നേതാക്കൾ സൂചിപ്പിക്കുന്നത്.

21ന് വൈകിട്ട് നാലുമണിക്ക് കാസർഗോഡ് നടക്കുന്ന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. ഇതുൾപ്പെടെ 14 കേന്ദ്രങ്ങ‌ളിൽ മഹാറാലികളും 80 വലിയ പൊതുസമ്മേളനങ്ങളും നടക്കും. അഴിമതി വിമുക്ത കേരളം, പ്രീണന വിരുദ്ധ രാഷ്ട്രീയം, കേരളത്തിന്റെ സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിപ്പിടിച്ചാകും വിജയയാത്ര ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *