Breaking News

എൻ. പ്രശാന്തിന് എതിരെ കേസെടുത്ത് ശിക്ഷാനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം: കെ.യു.ഡബ്ല്യു.ജെ

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച എന്‍ പ്രശാന്ത് ഐ.എ.എസിനെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെ.പി പ്രവിതയെ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നൽകി ആക്ഷേപിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എൻ. പ്രശാന്തിെൻറ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെയുഡബ്ല്യുജെ അഭിപ്രായപ്പെട്ടു.

കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയുടെ ഫെയ്സ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

സിവിൽ സർവീസ്​ ഉദ്യോഗസ്​ഥൻ ആയതുകൊ​ണ്ടോ പ്രതിച്​ഛായയുടെ താരപ്പൊലിമയിൽ ദീർഘകാലം തലക്കെട്ടുകളിൽ ഇടംപിടിച്ചതുകൊ​ണ്ടോ ഉണ്ടാവുന്നതല്ല പെരുമാറ്റഗുണവും മാനുഷിക മൂല്യങ്ങളും എന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ്​ എൻ. പ്രശാന്ത്​ ഐഎഎസ്. ഒരു കാലത്ത്​ കലക്​ടർ ബ്രോ എന്ന ഒാമനപ്പേരിൽ ജനങ്ങൾ നെഞ്ചേറ്റിയ ഐഎഎസ്​ മഹാന്റെ തരംതാണ പെരുമാറ്റ സവിശേഷതയാണ്​ ​ഇപ്പോൾ വെളിച്ചത്തുവരുന്നത്​.

ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെ.പി പ്രവിതയെ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നൽകി ആക്ഷേപിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടർ എൻ. പ്രശാന്തിെൻറ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

താൽപര്യമില്ലെങ്കിൽ പ്രതികരിക്കാതിരിക്കുക സ്വാഭാവികമാണെങ്കിലും അശ്ലീലച്ചുവയുള്ള ചിത്രങ്ങൾ മറുപടി നൽകി മാധ്യമപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ചത് മാന്യതയ്ക്കു നിരക്കുന്ന പ്രവൃത്തിയല്ല. ഒരു മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്നതു മാറ്റിനിർത്താം. കേവലം സാധാരണ മനുഷ്യർ​ പോലും സാമാന്യ മര്യാദ എന്ന ഒന്നുണ്ടെങ്കിൽ ഇത്തരത്തിൽ പെരുമാറുകയില്ല.പ്രശാന്തിനൊപ്പം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹത്തിെൻറ ഭാര്യ ലക്ഷ്മി പ്രശാന്ത് മാധ്യമപ്രവർത്തകരെയാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണു നടത്തിയിരിക്കുന്നത്. ഇതും പ്രശാന്തി​െൻറ വെറുമൊരു വേലത്തരം എന്നു മാത്രമാണ്​ ലക്ഷ്​മിയുടെ മുൻകാല പോസ്​റ്റുകളും മറ്റും പരിശോധിച്ചാൽ വ്യക്​തമാവുക.

വിവാദ സംഭവങ്ങളിൽ ആ വിഷയവുമായി ബന്ധപ്പെട്ട അധികൃതരിൽനിന്നു പ്രതികരണം തേടുന്നത് കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും മാധ്യമങ്ങൾ സ്വീകരിക്കുന്ന രീതിയാണ്. ഫോണിൽ വളിച്ചു കിട്ടാതിരുന്നപ്പോൾ ഇപ്പോൾ സംസാരിക്കാൻ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് അയച്ച വളരെ മാന്യമായ സന്ദേശത്തിനാണ് ഐഎഎസ് ഉദ്യോഗസ്ഥൻ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചത്. ഇത് വനിതകൾക്കെതിരെ എന്നല്ല, മുഴുവൻ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണ്​.

സമൂഹത്തിനു മാതൃകയാകേണ്ട ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണിത്. ഇത്തരം ചെയ്തികൾ അനുവദിച്ചുകൊടുക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ല. അതുകൊണ്ടുതന്നെ എൻ. പ്രശാന്തിനെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാവണം. ഈ തരംതാണ പ്രവൃത്തിക്ക് കേരളീയ സമൂഹത്തോടു പരസ്യമായി മാപ്പ് പറയാൻ പ്രശാന്ത് മുന്നോട്ടുവരുന്നില്ലെങ്കിൽ സാക്ഷര കേരളത്തിനുതന്നെ ലജ്ജാവഹമായ അനുഭവം ആയിരിക്കും അത്.

Leave a Reply

Your email address will not be published. Required fields are marked *