Breaking News

സി.പി.എമ്മിന്റെ കൊടിപിടിച്ചാൽ ജോലി, മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സ്വർണ്ണക്കടത്തും നടത്താം: രാഹുല്‍ ഗാന്ധി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിശിതമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിൽ ജോലി ചെയ്തിരുന്ന ഒരാൾക്കെതിരെയുള്ള കേസ് എന്തുകൊണ്ടാണ് ഇഴഞ്ഞ് പോകുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

താൻ ബി.ജെ.പിക്കെതിരെയാണെന്നും ആർഎസ്എസ് പ്രത്യാശാസ്രത്തിനെതിരെ ഓരോ ദിവസവും പോരാടുകയാണെന്നും രാഹുൽ പറഞ്ഞു. ബി.ജെ.പിയെ എതിരിട്ടാല്‍ 24 മണിക്കൂറും അവർ നിങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കും. എന്നാൽ എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിക്കാത്തത്? ഇക്കാര്യത്തില്‍ തനിക്ക് വലിയ ആശയകുഴപ്പമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇക്കാര്യങ്ങൾ ജനങ്ങൾക്ക് മനസിലാകുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

ഏറ്റവും കൂടുതല്‍ ഊര്‍ജ്ജസ്വലരായ യുവാക്കളുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ എന്തുകൊണ്ടാണ് ഇവിടുത്തെ അഭ്യസ്ഥവിദ്യര്‍ക്ക് ജോലി ലഭിക്കാത്തത്. കേരളത്തെ മികച്ചതമാക്കുമെന്ന് ഇടതുപക്ഷ സർക്കാർ പറഞ്ഞു. ആർക്ക് വേണ്ടിയാണ് മികച്ചതാക്കുന്നത് എന്നതാണ് ചോദ്യം. കേരളത്തിലെ ജനങ്ങൾക്കോ അതോ ഇടതുപക്ഷ സംഘടനകൾക്ക് വേണ്ടിയോ എന്ന് രാഹുൽ ചോദിച്ചു.

ഇടതുപക്ഷ പാർട്ടിയിൽ പെട്ട ഒരാളാണെങ്കില്‍ ഇവിടെ നിങ്ങള്‍ക്ക് ജോലി ലഭിക്കും. സി.പി.എമ്മിന്റെ കൊടിപിടിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് സ്വര്‍ണകള്ളക്കടത്തിനും അനുവദിക്കും. പക്ഷേ കൊടിപിടിക്കാത്ത ചെറുപ്പാക്കാരാണെങ്കില്‍ ജോലിക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തണം. സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്നത് ഇടതുപക്ഷക്കാരായിരുന്നുവെങ്കിൽ മുഖ്യമന്ത്രി അവരുമായി സംസാരിക്കും, അവർക്ക് അർഹതയില്ലെങ്കിൽ കൂടി ജോലി നൽകുമായിരുന്നു. എന്നാൽ നിലവിൽ നിരാഹാര സത്യാഗ്രഹം കിടക്കുന്നവര്‍ മരിക്കാൻ ആയാലും ഇവിടുത്തെ മുഖ്യമന്ത്രിക്ക് ഒരു പ്രശ്‌നവുമില്ലെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *