ആലപ്പുഴ വയലാറിൽ ആർ.എസ്.എസ്- എസ്.ഡി.പി.ഐ സംഘർഷത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ആലപ്പുഴ ജില്ലയിൽ ബി.ജെ.പി ഹർത്താൽ. ആർ.എസ്.എസ് നാഗംകുളങ്ങര ശാഖ ഗഡനായക് നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്കും 4 എസ്.ഡി.പി.ഐ പ്രവർത്തകർക്കും സംഘർഷത്തിൽ പരുക്കേറ്റു.
രാത്രി ഏഴുമണിക്ക് ശേഷം വയലാർ നാഗംകുളങ്ങര കവലയിൽ ആയിരുന്നു സംഘർഷം. ഉച്ചക്ക് എസ്.ഡി.പി.ഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആർ.എസ്.എസ് പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇരു വിഭാഗവും വൈകിട്ട് പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോയവർ തമ്മിലുണ്ടായ സംഘർഷത്തിലാണ് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിക്കുന്നത്. 22കാരനായ നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണം.
മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്കും നാല് എസ്.ഡി.പി.ഐ പ്രവർത്തകർക്കും സംഘർഷത്തിൽ പരുക്കേറ്റു. വെട്ടേറ്റ ആർ.എസ്.എസ് പ്രവർത്തകൻ കെ എസ് നന്ദുവിന്‍റെ നില ഗുരുതരമാണ്. നന്ദുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.