Breaking News

മുഖ്യമന്ത്രിക്കെതിരായ ‘കൊവിഡിയറ്റ്’ പരാമർശം; ന്യായീകരിച്ച് വി.മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘കൊവിഡിയറ്റ്’ പരാമർശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പരാമർശത്തിൽ തെറ്റില്ലെന്നും പൊതുപ്രവർത്തകൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ ദുഷ്ചെയ്തികളെ എതിർക്കുമെന്നും മുരളീധരൻ പറഞ്ഞു. ജനങ്ങളുടെ ജീവിതം വച്ചാണ് മുഖ്യമന്ത്രി കളിച്ചത്. കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ എകെജി സെൻ്ററിൽ പോയി ബോധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ നടത്തിയ പരാമർശത്തിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കാരണം, സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി ജനങ്ങളുടെ ജീവൻ തന്നെ ബലികൊടുക്കുന്ന തരത്തിൽ, ജീവൻ അപകടപ്പെടുത്തുന്ന തരത്തിൽ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചുകൊണ്ട് 750 മീറ്റർ വീട്ടിൽ നിന്ന് ജനങ്ങളുടെ ഇടയിലൂടെ ജാഥയായി വോട്ട് ചെയ്യാൻ വരിക. ഇതൊക്കെ കൊവിഡ് പ്രോട്ടോകോളിൻ്റെ ലംഘനമാണ്. ഒരു രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ ദുഷ്ചെയ്തികൾക്ക് എതിരായിട്ട്, ജനവിരുദ്ധ നയങ്ങൾക്കെതിരായിട്ട് ഒരു കേന്ദ്രമന്ത്രി ആയതുകൊണ്ട് ഞാൻ അത് പണയം വെച്ചിട്ടില്ല. ഇനി പണയം വെക്കാനും ഉദ്ദേശിക്കുന്നില്ല.”- മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മുരളീധരൻ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. പിണറായി വിജയനെ വിശേഷിപ്പിക്കാൻ മറ്റ് വാക്കുകളില്ലെന്നും വി മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *